കൊച്ചി: ഏതൊരു കലാരൂപവും മനുഷ്യന് ആത്മവിശ്വാസവും ജീവിത വിശ്വാസവും തരുന്നതായിരിക്കണം. ആ ഒരര്‍ത്ഥത്തില്‍ ‘വെള്ളരിക്കാപ്പട്ടണം’ നമുക്ക് ആത്മവിശ്വാസം തരുന്ന ചിത്രമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ എ എസ് പറഞ്ഞു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ ‘ എന്ന ഞാനെഴുതിയ ഗാനം. പൊതുവെ ഗാനരചയിതാക്കള്‍ക്ക് ലളിതമായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സാഹിത്യഭംഗി കുറയ്ക്കേണ്ടിവരും. പക്ഷേ ഈ ഗാനത്തിന് സംഗീതത്തോടൊപ്പം ലളിതമായ വാക്കുകളും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യം വളരെ മനോഹരമാക്കിയിട്ടുണ്ട്. ഗാനത്തിന്‍റെ ചിത്രീകരണം തന്നെയാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഈ ഗാനം തന്നെയാണ് ചിത്രത്തിന്‍റെ ആത്മാവും. വളച്ചുകെട്ടലുകളില്ലാതെ ലളിതമായി കഥ പറയുന്ന ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. ഏതൊരാള്‍ക്കും പുതിയ കാര്യം ചെയ്യാന്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന ചിത്രം കൂടിയാണ് വെള്ളരിക്കാപ്പട്ടണം. കുട്ടികള്‍ക്കുള്ള പാട്ടെഴുതാന്‍ എനിക്ക് കഴിയും എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ കൂടിയുള്ള അവസരമായി ഞാന്‍ ഈ ഗാനത്തെ കാണുന്നു. നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കോടികളുടെ മുതല്‍ മുടക്കല്ല വേണ്ടത് അതിന് വളരെ ലളിതമായി ആശയം പ്രകടിപ്പിക്കാന്‍ കഴിയണം. വെള്ളരിക്കാപ്പട്ടണം അത്തരത്തില്‍ വിജയകരമായി രൂപപ്പെടുത്തിയ ചിത്രം കൂടിയാണെന്നും കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി. എത്രയെത്ര ഭാവസുന്ദരഗാനങ്ങളാണ് കെ ജയകുമാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കാലങ്ങളോളം തലമുറകള്‍ മൂളിനടക്കുന്ന സുന്ദരഗാനങ്ങള്‍. ഒരു വടക്കന്‍ വീരഗാഥയിലെ ‘ ചന്ദനലേപ സുഗന്ധം… കളരിവിളക്ക്…പക്ഷേ യിലെ മൂവന്തിയായ്… സൂര്യാംശു… കിഴക്കുണരും പക്ഷിയിലെ സൗപര്‍ണ്ണികാമൃതം..മഴ യിലെ എത്രമേല്‍ മണമുള്ള…തുടങ്ങി നൂറ് കണക്കിന് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ആ തൂലികയില്‍നിന്ന് നമുക്ക് ലഭിച്ചത്. ഇതിനിടെ കുട്ടികള്‍ക്കായി ഒത്തിരി ആല്‍ബങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ട്. ആ കുട്ടിപ്പാട്ടുകളില്‍ നിന്നെല്ലാം ഏറെ പുതുമയും ലളിതവുമാണ് വെള്ളരിക്കാപ്പട്ടണത്തിലെ ഈ പാട്ട്. കുട്ടിപ്പാട്ടുകള്‍ എഴുതുമ്പോള്‍ നമ്മള്‍ ആ കുട്ടിക്കാലത്തേക്ക് മടങ്ങിയാല്‍ സുന്ദരമായ കുട്ടിപ്പാട്ടുകള്‍ എഴുതാമെന്നാണ് കെ ജയകുമാര്‍ പറയുന്നത്. കുട്ടിപ്പാട്ടുകളോട് തനിക്കേറെ ഇഷ്ടമുണ്ടെന്നും അദ്ദേഹം പറയുന്നു.
മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത്. ഈ പ്രമോ സോങ്ങിന് മുമ്പ് ചിത്രത്തിന്‍റേതായി പുറത്തുവിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ കെ ജയകുമാര്‍ ഐ എ എസും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.
അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്സ്, ടോം ജേക്കബ്. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍,മനീഷ് കുറുപ്പ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍.