ഗായികയായ സിത്താരയെ നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ നല്ല ഗായിക എന്നതിലുപരി ഒരു നർത്തകികൂടിയാണ് സിത്താര. നവരാത്രിയോട് അനുബന്ധിച്ചു പുറത്തിറക്കിയ ശ്രീ ഗുരുഭ്യോ നമഃ എന്ന കവർ വിഡിയോയിലാണു വർഷങ്ങൾക്കിപ്പുറം നൃത്തച്ചുവടുകളുമായി ഗായിക സിത്താര കൃഷ്ണകുമാർ എത്തുന്നത്.
തന്റെ ഫേസ്ബുക് പേജിലൂടെ മഞ്ജുവാര്യർ സിത്താരയുടെ നൃത്ത വീഡിയോ പങ്കുവച്ച് കുറിച്ചതിങ്ങനെ ; ” നമുക്കെല്ലാവർക്കും ഏറെ പ്രിയങ്കരിയായ അനുഗൃഹീത ഗായിക സിതാര കൃഷ്ണകുമാർ ഗുരുസമർപ്പണമായി അവതരിപ്പിക്കുന്ന ഗാനം. ഇതിനു വേണ്ടി പത്തു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിതാര നൃത്തം ചെയ്തത് എന്നറിയുന്നു. ഒരുപാട് സന്തോഷം, സ്നേഹം”.
മാധവൻ കിഴക്കുട്ടിന്റെ വരികൾക്കു ബിനീഷ് ഭാസ്കരനാണ് ഈണം പകർന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര തന്നെയാണ്. ഗാനാലാപനം പോലെതന്നെ സിത്താരയുടെ നൃത്തവും മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.