കേരള ബാസ്റ്റേഴ്‌സ് പൊരുതി വീണു ; എടികെ മോഹന്‍ബഗാന്‍-3, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി-2

ഫത്തോര്‍ദ: രണ്ട് ഗോളിന് ലീഡ് നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എടികെ മോഹന്‍ ബഗാനോട് തോറ്റു (2-3). ഐഎസ്എലിലെ ആവേശകരമായ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച തുടക്കത്തിനുശേഷം രണ്ടാം പകുതിയില്‍ എടികെക്ക് മുന്നില്‍ വീഴുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി ഗാരി ഹൂപ്പറും കോസ്റ്റ നമിയോന്‍സുവും ഗോള്‍ നേടി.  ഇരട്ടഗോള്‍ നേടിയ റോയ് കൃഷ്ണയാണ് എടികെ ബഗാന്റെ വിജയശില്‍പ്പി. ഇതില്‍ ഒരെണ്ണം പെനാല്‍റ്റിയായിരുന്നു. ഒരു ഗോള്‍ മാഴ്‌സെലീന്യോ പെരേര നേടി. 15 കളിയില്‍ 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാമതാണ്. എടികെ ബഗാന്‍ 27 പോയിന്റുമായി രണ്ടാമതും. തുടര്‍ച്ചയായ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങുന്നത്. 

കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കെപി രാഹുലും ജീക്‌സണ്‍ സിങ്ങും തിരിച്ചെത്തി. ജുവാന്‍ഡെയും മധ്യനിരയില്‍ ഇടംകണ്ടു. സഹല്‍ അബ്ദുള്‍ സമദും വിസന്റെ ഗോമെസും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധത്തില്‍ കോസ്റ്റ നമിയോന്‍സു, ജെസെല്‍ കര്‍ണെയ്‌റോ, സന്ദീപ് സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. എടികെ മോഹന്‍ ബഗാന്റെ പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, ടിരി, പ്രബീര്‍ ദാസ് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ സുമിത് രതി, സഹില്‍ ഷെയ്ക്ക്, കാള്‍ മക്ഹഗ്, ജയേഷ് റാണെ എന്നിവര്‍ മധ്യനിരയില്‍. മാഴ്‌സെലീന്യോ പെരേരയും റോയ് കൃഷ്ണയും മുന്നേറ്റത്തില്‍. വലയ്ക്ക് മുന്നില്‍ അരിന്ദം ഭട്ടാചാര്യ.

ഫത്തോര്‍ദ സ്‌റ്റേഡിയത്തില്‍ ഒന്നാന്തരം തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഗോമെസും സന്ദീപും നടത്തിയ നീക്കം ജിങ്കന്‍ തടയുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച അവസരം കിട്ടി. മറെയുടെ സമ്മര്‍ദ്ദത്തില്‍ ടിരിക്ക് പിഴവുപറ്റി. ടിരി ഹെഡറിലൂടെ ഗോളിയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ പന്ത് റാഞ്ചിയ മറെ സഹലിലേക്ക് കട്ട് ചെയ്തു. സഹല്‍ ബോക്‌സില്‍വച്ച് ഹൂപ്പറിലേക്ക്. പന്ത് നിയന്ത്രിച്ച് ഷൂട്ട് തൊടുക്കാന്‍ ഹൂപ്പര്‍ക്ക് കഴിഞ്ഞില്ല. ഹൂപ്പര്‍ സഹലിലേക്ക് പന്ത് തട്ടി. ഈ മധ്യനിരക്കാരന്‍ അടിതൊടുത്തു. പക്ഷേ, ജിങ്കന്‍ തടഞ്ഞു.പതിനാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന നിമിഷം പിറന്നു. ഹൂപ്പറുടെ അതിമനോഹരമായ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. വലതുപാര്‍ശ്വത്തില്‍നിന്ന് സന്ദീപ് ഉയര്‍ത്തിവിട്ട പന്ത് ഹൂപ്പര്‍ പിടിച്ചെടുത്തു. പിന്നെ രണ്ടടി മുന്നേറി കോരിയിട്ടു. ഗോള്‍ കീപ്പര്‍ അരിന്ദത്തിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് പറന്നിറങ്ങി. ഐഎസ്എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി അതുമാറി.

25ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മുന്നേറ്റം കണ്ടു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് സഹലിന്റെ ക്രോസ് ബോക്‌സിലേക്ക്. മറെ അതിലേക്ക് പറന്നിറങ്ങി തലവച്ചു. പക്ഷേ, ഹെഡറിന് കരുത്തുണ്ടായില്ല. അരിന്ദം എളുപ്പത്തില്‍ പന്ത് കൈയിലൊതുക്കി. മറുവശത്ത് റോയ് കൃഷ്ണയുടെ നീക്കത്തെ കോസ്റ്റ തടഞ്ഞു. അരമണിക്കൂറിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളെന്നുറച്ച നീക്കത്തെ അരിന്ദം അതിസാഹസികമായി തട്ടിയകറ്റി. എടികെ പ്രതിരോധത്തെ കീറിമുറിച്ച് കുതിച്ച മറെ കനത്ത അടിപായിച്ചു. അരിന്ദം ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഷോട്ട് തൊടുത്തെങ്കിലും അരിന്ദം തടഞ്ഞു. മിന്നുന്ന കളി പുറത്തെടുത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിക്ക് പിരിഞ്ഞത്.

രണ്ടാംപകുതിയില്‍ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് എടികെ ബഗാന്‍ ഗോള്‍മേഖലയിലെത്തി. 51ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. ഇടതുഭാഗത്ത്  സഹല്‍ തൊടുത്ത കോര്‍ണര്‍ രാഹുലിന്റെ തലയില്‍തട്ടി ഗോള്‍മുഖത്ത്. അരിന്ദം തട്ടിയകറ്റി. എന്നാല്‍ പന്ത് ഗോള്‍മുഖത്തുതന്നെ വീണു. കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കോസ്റ്റ് വലയിലേക്ക് പന്ത് തട്ടിയിട്ടു. എന്നാല്‍ അടുത്ത നിമിഷങ്ങളില്‍ ദൗര്‍ഭാഗ്യകരമായി  ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. 59ാം മിനിറ്റില്‍ മധ്യവരയ്ക്ക് മുന്നില്‍വച്ച് മന്‍വീര്‍ സിങ് നല്‍കിയ പന്തുമായി മാഴ്‌സെലീന്യോ കുതിച്ചു. ജീക്‌സണ്‍ സിങിന്റെ വെല്ലുവിളി അതിജീവിച്ച് ബോക്‌സില്‍ കയറി, പിന്നെ ആല്‍ബിനോയെയും കീഴടക്കി.

പിന്നാലെ എടികെ ബഗാന് പെനാല്‍റ്റി അവസരവും കിട്ടി. ബോക്‌സില്‍വച്ച് മന്‍വീറിനെ കര്‍ണെയ്‌റോ തടഞ്ഞു. ഇരുവരും പന്തിനായി പൊരുതി. എന്നാല്‍ റഫറി കര്‍ണെയ്‌റോയ്‌ക്കെതിരെ ഫൗള്‍ വിളിച്ചു. പെനാല്‍റ്റിക്കും വിസിലൂതി. കിക്കെടുത്ത റോയ് കൃഷ്ണയ്ക്ക് പിഴച്ചില്ല. സമനില വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പതറാതെ കളിച്ചു. എടികെ ബഗാന്റെ മുന്നേറ്റങ്ങളെ തടയാനാഞ്ഞു. ഗോള്‍വലയ്ക്ക് മുന്നില്‍ ഗോമെസ് ജാഗ്രത കാട്ടി. 78ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കര്‍ണെയ്‌റോയ്ക്ക് പകരം കെ.പ്രശാന്ത് കളത്തിലെത്തി. 81ാം മിനിറ്റില്‍ രാഹുല്‍ ഒരുക്കിയ അവസരം സഹല്‍ പുറത്തേക്കടിച്ച് കളഞ്ഞു. എന്നാല്‍ 87ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികയെ മുന്നിലെത്തിച്ചു. സമനില ഗോളിന് ആഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് എടികെ ബഗാന്‍ പ്രതിരോധം മറികടക്കാനായില്ല. അവസാന നിമിഷം സന്ദീപ് സിങിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ഫെബ്രുവരി മൂന്നിന് മുംബൈ സിറ്റിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

English Summary : ATK Mohun Bagan victory against Kerala Blasters

admin:
Related Post