കാലിക പ്രസക്തമായ ഒരു വിഷയം വളരെ തനിമയൂടെ അവതരിപ്പിക്കാന്‍ ചിത്രത്തിനായി. പോളി ടെക്നിക് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റാണ് കഥയുടെ പശ്ചാത്തലം. പുരുഷകേന്ദ്രീകൃതമെന്ന് പറയപ്പെടുന്ന മെക്ക് ഡിപ്പാർട്ടുമെന്റിൽ രണ്ടാം വർഷം മുതൽ ഒരു പെൺകുട്ടിയുമെത്തുന്നതോടെയാണ് സിനിമയുടെ ആരംഭം. സിനിമ സൂചിപ്പിക്കുന്ന വിഷയം ആദ്യ സീനില്‍തന്നെ മനസിലാകുമെങ്കിലും പിന്നീടങ്ങോട്ട് കാര്യത്തിലെത്താന്‍ രണ്ടാം പകുതി വരെ കാത്തിരിക്കണം.
ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുള്ള കൗതുകവും പ്രശ്നങ്ങളുമെല്ലാം ഇതിലുണ്ട്. തുടര്‍ന്ന് ഈ പെണ്‍കുട്ടി മെക്കാനിക്കൽ ഡിപ്പാട്ട്മെന്റിന്റെ റാണിയായി മാറുന്നു. സൗഹൃദവും ക്യാമ്പസിലെ മറ്റു ക്ലാസുകാരോടുള്ള തർക്കങ്ങളുമൊക്കെയായി സിനിമ മുന്നോട്ടുപോകുന്നു. കോളേജില്‍ നിന്ന് പുറത്താക്കുന്ന കുട്ടികള്‍ തിരിച്ചെത്തുന്നതോടെയാണ് ആദ്യപകുതി അവസാനിക്കുന്നത്.
തമാശകളുടെ ആദ്യ പകുതിക്ക് ശേഷം രോഗിയായ നായികയുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും മനസിലാക്കുന്ന ആണ്‍പട പിന്നീട് അവളോട് കൂടുതൽ അടുക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറ്റുമുട്ടുന്ന ക്ഷുഭിത കാമ്പസ് യൗവ്വനങ്ങളെയും, ജിഷ കേസുൾപ്പെടെയുള്ള വിഷയങ്ങളെ സമൂഹം കൈകാര്യം ചെയ്ത രീതിയെയും ചിത്രത്തില്‍ കാണാം.
യുവത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ അവസാനിക്കുന്ന ചിത്രം ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നു പറഞ്ഞു വയ്ക്കുന്നു.
ചിത്രത്തിലെ വെണ്ണിലവേ എന്ന കല്യാണപ്പാട്ടു ഇതിനോടകം തന്നെ ഹിറ്റായി മാറിക്കഴിഞ്ഞു. ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവരാണ് ക്വീനിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്
സാനിയ ഈയപ്പൻ, ധ്രുവൻ, എൽദോ, അശ്വിൻ, അരുണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സലീം കുമാർ, ശ്രീജിത് രവി, വിജയ രാഘവന്‍, നന്ദു, ലിയോണ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
വളരെയധികം പ്രതീക്ഷകളൊന്നും ഇല്ലാതെപോയാല്‍ തമാശയും സസ്പന്സുമെല്ലാം ഉള്ള ഒരു ചെറിയ നല്ല പടം കാണാം.