രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് “ഞാൻ മേരിക്കുട്ടി”. സിനിമ ഇറങ്ങുന്നതിനുമുൻപ് തന്നെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ഇത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ കഥയാണ് ഞാൻ മേരിക്കുട്ടി. എന്നാൽ ഇത് കണ്ടുപഴകിയ കഥയല്ല. സമൂഹത്തിനുണ്ടാകേണ്ടുന്ന മാറ്റമാണ് ചിത്രം പറയുന്നത്.
പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജനിച്ച ആളാണ് മാത്തുക്കുട്ടി. തന്നിലെ സ്ത്രീ ആണ് മുൻപിൽ എന്ന തിരിച്ചറിവിൽ മാത്തുക്കുട്ടി മേരിക്കുട്ടിയായി മാറുന്നു. അതിനായി മാത്തുക്കുട്ടിക്ക് തന്റെ കുടുംബം ഉപേക്ഷിക്കേണ്ടിവരുന്നു. സ്ത്രീയായി മാറിയതിനുശേഷം തിരിച്ച തന്റെ നാട്ടിലെക്കുന്ന മേരിക്കുട്ടിയിലൂടെയാണ് കഥ നീങ്ങുന്നത്.
പോലീസ് ആകണമെന്ന മേരിക്കുട്ടിയുടെ ആഗ്രഹവും അത് നേടിയെടുക്കുവാൻ വേണ്ടിയുള്ള പരിശ്രമവുമൊക്കെയാണ് കഥ. ആദ്യപകുതിയിൽ മേരിക്കുട്ടിയുടെ ആഗ്രഹമായ പോലീസ് ജോലിയും സ്വപ്നങ്ങളും ട്രാൻസ്ജെൻഡറിനെ പൊതു സമൂഹം നോക്കികാണുന്ന രീതിയേയും അവർക്കെതിരെ നടക്കുന്ന ചൂഷണങ്ങളെകുറിച്ചും ഒക്കെ ചൂണ്ടിക്കാണിക്കുമ്പോൾ രണ്ടാം പകുതിയിൽ തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള മേരിക്കുട്ടിയുടെ പരിശ്രമങ്ങളും അതിനുവേണ്ടി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും, സമൂഹത്തിന്റെ ഒറ്റപെടുത്തലുകളുടെ മേലുള്ള വിജയത്തെ പറ്റിയും പറയുന്നു.
ട്രാൻസ്‌ജെൻഡർ എന്ന വിഭാഗത്തോടുള്ള സമൂഹത്തിന്റെ പ്രതികരണത്തിൽ പൂർണമായ മാറ്റമുണ്ടാകണമെന്നും അവർ നമ്മളിൽ ഒരാളാണെന്നും ഈ ചിത്രത്തിലൂടെ പറയുകയാണ് സംവിധായകൻ. സമൂഹത്തിൽ മാറിനിക്കേണ്ടവരല്ല ഇത്തരക്കാർ.
മേരിക്കുട്ടിയായി നല്ലൊരു മേക് ഓവർ തന്നെയാണ് ജയസൂര്യ നടത്തിയിരിക്കുന്നത്. സംസാരത്തിലും നടപ്പിലും വസ്ത്രധാരണയിലുമെല്ലാം സ്ത്രീ ആയി മാറാൻ ജയസൂര്യക്ക് സാധിച്ചു. മാറ്റ് ചിത്രങ്ങളിൽ കാണാറുള്ളതുപോലെ ട്രാൻസ്ജെൻഡറിനെ ഒരു കോമാളിയായി ചിത്രീകരിച്ചിട്ടില്ല ഈ ചിത്രത്തിൽ. പോലീസ് സ്റ്റേഷനിലെ രംഗo എടുത്ത് പറയേണ്ടതാണ്. ട്രാൻസ്‌ജെൻഡർ അനുഭവിക്കേണ്ടി വരുന്ന മാനസിക സങ്കർഷങ്ങൾ പ്രേക്ഷകരിൽ എത്തിക്കാൻ ജയസൂര്യക്ക് സാധിച്ചു. ചുരുക്കിപ്പറഞ്ഞാൽ മേരിക്കുട്ടി എന്ന കഥാപാത്രം ജയസൂര്യയുടെ കയ്യിൽ ഭദ്രമാണ്.
ജോജു ജോർജ്, ഇന്നസെന്റ്, ജുവൽ മേരി, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മേരിക്കുട്ടിക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ഛായാഗ്രാഹകൻ വിഷ്ണു നാരായണ്.
ഒരു സാധാരണ ചിത്രം വളരെ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനസോടെ പോയാൽ ആ മനസ്സിൽ മേരിക്കുട്ടി ഇടംപിടിക്കും, ഉറപ്പ് .