കുറുപ്പ് റിവ്യൂ

kurup review malayalamkurup review malayalam

റിവ്യൂ: കുറുപ്പ്

• ഭാഷ: മലയാളം

• സമയം: 156 മിനിറ്റ്

• വിഭാഗം: ബയോഗ്രാഫിക്കൽ ക്രൈം ത്രില്ലർ

• തിയറ്റർ: ഏരിസ് പ്ലസ് (ഹൗസ് ഫുൾ)

റിവ്യൂ ബൈ: NEENU S M

• പോസിറ്റീവ്:

  1. അഭിനേതാക്കളുടെ പ്രകടനം
  2. ഛയാഗ്രഹണം
  3. ഗാനങ്ങളും പശ്ചാത്തല സംഗീതവും
  4. ചിത്രസംയോജനം

നെഗറ്റീവ്:

  1. രണ്ടാം പകുതി
  2. ക്ലൈമാക്സ്
  3. ശരാശരിയിലുള്ള തിരക്കഥ

• വൺവേഡ്: പ്രതിക്ഷക്കൊത്ത് വളരാൻ കഴിയാത്ത കുറുപ്പ്.

• കഥയുടെ ആശയം: ക്രിമിനലും കൊലപാതകിയും ആയി മാറിയ ഗോപി കൃഷ്ണന്റെ ജീവിതമാണ് കുറുപ്പ് എന്ന ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്. എങ്ങനെയാണ് ഗോപി കൃഷ്ണനെന്ന ചെറുപ്പക്കാരൻ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളി ആയിത്തീർന്നത്, എന്തിനാണ് അയാൾ വ്യാജ വ്യക്തിത്വത്തിലൂടെ പല പേരുകളിലും പ്രത്യക്ഷപ്പെട്ടത് എന്നതൊക്കൊയാണ് കുറുപ്പ് പറയുന്നത്.

കഥ,തിരക്കഥ, സംവിധാനം, സംഭാഷണം എന്നിവയ്ക്കുള്ള വിശകലനം:

ഇന്ത്യ കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ ഇപ്പോഴും പിടിയിലാകാത്ത കുറ്റവാളി സുകുമാരക്കുറുപ്പിന്റെ പേര് കേരളത്തിലെ ജനങ്ങൾ മറക്കില്ല. തലമുറകൾ തോറും ആളുകൾ അയാളുടെ ജീവിതത്തിനു പിന്നിലെ നിഗൂഢതകൾ അറിയാൻ ആഗ്രഹിക്കുന്നു. തൊണ്ണൂറുകളിലെ കുട്ടിക്കാലത്ത്, സുകുമാരക്കുറുപ്പിന്റെ പേര് വാർത്തകളിലൂടെ ആദ്യമായി കേൾക്കുമ്പോൾ, അദ്ദേഹം എന്താണ് ചെയ്തതെന്ന് അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു, ഈ പേര് കേൾക്കുമ്പോൾ, അയാൾ എവിടെയാണ്, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യവും, നിഗൂഢതകളും സുകുമാരക്കുറുപ്പ് എന്ന പേരിനെ കൗതുകമാക്കുന്നു. അതിനാൽ ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ ആദ്യ ദിവസം തന്നെ കാണുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു, സിനിമ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിച്ചു, പക്ഷേ സങ്കടകരമെന്നു പറയട്ടെ, എന്റെ പ്രതിപക്ഷക്കൊപ്പം ചിത്രം ഉയർന്നില്ല.

ജിതിൻ കെ ജോസ് എഴുതിയ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയ ഇതിവൃത്തം പൂർണമായും നീതി പുലർത്തിയില്ല. എഴുത്ത് നന്നായിരുന്നു, പക്ഷേ ഒരു ചെറിയ നെഗറ്റീവായി എനിക്ക് തിരക്കഥയിൽ അനുഭവപ്പെട്ടത് വളരെ വേഗതയിൽ കഥയിലേക്ക് കടക്കുന്ന സംഭവഭഗുലമായ നിമിഷങ്ങൾ അവസാനിപ്പിച്ചു എന്നതാണ്. കഥാ രചനയിൽ എനിക്ക് ഇഷ്ടപ്പെട്ട പ്രധാന ഘടകം, എഴുത്തുകാരൻ ഒരിക്കലും കേന്ദ്ര കഥാപാത്രത്തെ വീരോചിതമായി അവതരിപ്പിച്ചിട്ടില്ല, അതിൽ രൂപാന്തരപ്പെടുത്തൽ ഒരിക്കലും ഉണ്ടായിട്ടില്ല, നമ്മൾ കേട്ടറിഞ്ഞ കഥകളെക്കാളും അപ്പുറത്തെക്കാണ് സിനിമയുടെ സഞ്ചാരം. നായകന്റെ ജീവിതം ചിത്രീകരിക്കാൻ എഴുത്തുകാർ കൃത്യമായ സമയം എടുത്ത് എഴുതിയിരിക്കുന്നു കൂടാതെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന വിവിധ സംഭവങ്ങൾ ശരിയായ പാതയിൽ നടപ്പിലാക്കുകയും ചെയ്തു. കെ.എസ്. അരവിന്ദിന്റെയും ഡാനിയൽ സായൂജ് നായരുടെയും തിരക്കഥയും സംഭാഷണവും ഉൾപ്പെടെയുള്ള രചനകൾ ചിത്രത്തിലെ സംഭവവികാസങ്ങളെ ത്രസിപ്പിക്കുന്നവയും ആകർഷകവുമാക്കി. സിനിമയുടെ ആദ്യപകുതി മുഖ്യകഥാപാത്രത്തിന്റെ വ്യക്തിജീവിതത്തെ കേന്ദ്രീകരിക്കുന്നതാണ്. ചിത്രത്തിലെ ഓരോ സംഭവങ്ങളും ചിട്ടപ്പെടുത്താനും സുസ്ഥിരമാക്കാനും സിനിമ മതിയായ സമയം എടുക്കുന്നു. കുറുപ്പ് ആരാണ്, അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നു, അയാളുടെ പ്രണയവും കുടുംബവും, അവൻ എങ്ങനെ ഒരു വലിയ കുറ്റവാളിയായി മാറി എന്നതിനെകുറിച്ചൊക്കെയാണ് ആദ്യ പകുതിയിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്. രണ്ടാം പകുതിയിൽ കുറുപ്പിനെ കണ്ടെത്താനുള്ള പോലീസിൻ്റെ വേട്ടയാണ് നടക്കുന്നത് കൂടാതെ അപ്രതീക്ഷിതമായ പല സംഭവങ്ങളും, കുറുപ്പിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില വഴിത്തിരിവുകളും രണ്ടാം ഭാഗത്തിൽ കാണിക്കുന്നു.

എഴുത്തിൽ നേരിട്ട പ്രധാന പോരായ്മ യഥാർത്ഥമായി നടന്ന സംഭവങ്ങളിലേക്ക് എഴുത്തുകാരുടെ സാങ്കൽപ്പിക ഘടകങ്ങൾ കൂട്ടി ചേർത്തതാണ്, എഴുത്തുകാർ അവരുടെ സാങ്കൽപ്പിക കഥയെ യഥാർത്ഥ കഥയ്‌ക്കൊപ്പം എങ്ങനെ ചിത്രീകരിച്ചു എന്നത് എനിക്ക് അത്ര സുഖകരമായി അനുഭവപ്പെട്ടില്ല. എന്തുകൊണ്ടാണ് കുറുപ്പിനെ പിടിക്കാത്തത്, എന്തിന് വേണ്ടിയാണ് ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങൾ അദ്ദേഹം നടത്തുന്നത്, എന്ത് കാരണത്താലാണ് അദ്ദേഹം ഈ ഭയാനകമായ സംഭവങ്ങളെല്ലാം യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ട് വരുന്നത്, മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം യഥാർത്ഥത്തിൽ നടന്നതിന് വിപരീതമാണ് അത് കാഴ്ചയിലും അനുഭവപ്പെട്ടു. എന്നാൽ ഇവിടെ യഥാർത്ഥ സംഭവങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നത് എഴുത്തുകാരന്റെ ഭാവനകളാണ് അതിനോട് കൂടി തുടർന്നുള്ള സംഭവങ്ങളും നമുക്ക് കാണാൻ കഴിയും. ഒരു ബയോഗ്രഫിക്കൽ ചിത്രം എന്നതിലുപരി ഇത് കൂടുതൽ ഫിക്ഷൻ ചേർത്ത് സിനിമാറ്റിക് പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. എനിക്ക് തോന്നിയ മറ്റൊരു നെഗറ്റീവ് രണ്ടാം പകുതിയിലാണ്, ക്ലൈമാക്സ് വേഗത്തിലായിപോയത് പോലെ തോന്നി,എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ സംഭവിക്കുന്നു, എഴുത്തുകാരും സംവിധായകനും സിനിമ വളരെ വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെട്ടു.നായകനെ മറ്റൊരു തലത്തിലേക്ക് മാറ്റി, അവൻ കുറ്റവാളിയായി മാറിയതിന്റെ യഥാർത്ഥ കാരണത്തിന് ആഴമില്ലായ്മയുണ്ട്, ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ സൃഷ്ടാക്കളുടെയും എഴുത്തുകാരുടെയും നിർവ്വഹണം കുറിച്ചുകൂടി മികച്ചതാകാമായിരുന്നു. അവസാനം സിനിമ മറ്റൊരു തരത്തിലേക്ക് മാറുന്നു, കേന്ദ്രകഥാപാത്രത്തിൻ്റെ അതിജീവനത്തിനായി നിർണായകമായ പല കാര്യങ്ങളും പ്രദർശിപ്പിച്ചു, പക്ഷേ ആ സീനുകൾക്കൊന്നും ഒരു പഞ്ച് വന്നില്ല. പ്രധാന കഥാപാത്രങ്ങൾ വരികയും പോവുകയും ചെയ്യുന്നു, കാര്യങ്ങൾ വളരെ ലളിതമായി കാണിക്കുന്നു,ആവേശഭരിതരാകാനുമുള്ള ഒരു വലിയ ഘടകവും ഞാൻ അതിൽ കാണുന്നില്ല.

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം സമ്മിശ്രമായിരുന്നു, നന്നായിരുന്നു എന്നാൽ അത്ര മികച്ചതുമല്ല. സിനിമ അദ്ദേഹം മികച്ച രീതിയിൽ തുടങ്ങി, എന്നാൽ രണ്ടാം പകുതിയുടെ പകുതി മുതൽ കാര്യങ്ങൾ സമതുലിതമാകാൻ തുടങ്ങി, സിനിമ സാങ്കൽപ്പിക തലത്തിലേക്ക് പ്രവേശിച്ചപ്പോൾ തുടക്കം മുതലുള്ള സ്ഥിര വേഗത കുറഞ്ഞു. അദ്ദേഹം സിനിമ നിർമ്മിച്ച രീതി ഒരു വിധം നല്ലാതായിരുന്നു, യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്നുള്ള അനുരൂപികരണം സത്യസന്ധമായി കൊണ്ടുവരികയും അഭിനേതാക്കളുടെ കഴിവുകൾ വിജയകരമായി ഉപയോഗിക്കുകയും ചെയ്തു. പക്ഷേ കൃത്യമായി പുറത്തുവരാത്തത് രണ്ടാം പകുതിയിലെ അദ്ദേഹത്തിന്റെ മേക്കിംഗ് ആയിരുന്നു, അതുകൊണ്ട് തന്നെ സിനിമ അവസാനിപ്പിച്ച രീതി ശരാശരിയായിരുന്നു. ക്ലൈമാക്‌സിലേക്ക് നയിക്കുന്ന സംഭവത്തെ ബന്ധിപ്പിക്കുന്ന ഘടകം യാഥാർത്ഥ്യത്തിന്റെ നിറവ്യത്യാസമാണ്, സ്‌ക്രീനിൽ നമ്മൾ കണ്ട എല്ലാ രംഗങ്ങളും വിശ്വസിക്കാൻ പ്രയാസമാണ്. വലിയ പ്രതീക്ഷകളുള്ളവരെ ചിത്രം നിരാശപ്പെടുത്തിയേക്കാം കാരണം യഥാർത്ഥ കഥ ഫലപ്രദമായി ഉപയോഗിക്കാത്തതാണ്. ചിത്രത്തിൽ കൊണ്ടുവന്ന സാങ്കൽപ്പിക ഘടകങ്ങൾ കാഴ്ചക്കാർക്ക് ത്രില്ലടിപ്പിക്കാൻ ശരിയായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും സിനിമ അവസാനം വരെ കണ്ടിരിക്കാൻ കഴിയും. എന്നിരുന്നാലും ക്ലൈമാക്സ് വരെ കഥയും മേക്കിംഗും എല്ലാം മികച്ചതായിരുന്നു, പല സത്യങ്ങളും യാഥാർത്ഥ്യങ്ങളും മികച്ച പ്രകടനത്തോടെ ശരിയായ പാതയിൽ ഘടനാപരമായി കാണിച്ചു, എന്നാൽ ഫിക്ഷൻ പ്രത്യക്ഷപ്പെടുമ്പോൾ സംവിധായകനും എഴുത്തുകാർക്കും അവരുടെ ഏറ്റവും മികച്ചത് കൊണ്ടു വരാൻ കഴിയാതെ വന്നു, അതോടെ എല്ലാം ശരാശരിയിൽ മാറി. അവരുടെ പരിശ്രമവും ഭാവനയും കുറച്ചു കൂടി നന്നാക്കാമായിരുന്നു.

• അഭിനേതാക്കളുടെ പ്രകടനം:

സുകുമാരകുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമോ, അദ്ദേഹത്തിന്റെ രൂപം അതിനോട് പൊരുത്തപ്പെടുന്നുണ്ടോ, യഥാർത്ഥ ജീവിതത്തിലെ ഒരു വില്ലൻ ഷേഡ് കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന ആശയം കൊണ്ട് എന്റെ മനസ്സിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു. പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കെ അതെല്ലാം അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനത്താൽ ഇല്ലാതായി. തുടക്കം മുതൽ അവസാനം വരെ തന്റെ ഊർജ്ജസ്വലമായ പ്രകടനത്തിലൂടെ അദ്ദേഹം മികച്ചു നിന്നു. ആ കഥാപാത്രത്തെ ദുൽഖർ ഏറ്റെടുത്ത രീതിയും കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉപയോഗിച്ച വിവിധ നയങ്ങളും അദ്ദേഹത്തിന്റെ അതുല്യമായ അഭിനയ പാടവം കാണിച്ചു തന്നു. ഒരുപാട് നാളുകൾക്ക് ശേഷം ദുൽഖർ സൽമാനെ വലിയ സ്‌ക്രീനിൽ കണ്ടതിൽ എനിക്ക് ശരിക്കും സന്തോഷമായി, കുറുപ്പിന്റെ പ്രകടനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ മനോഭാവശൈലിയും അഭിനയത്തിന്റെ രീതികളും തരക്കേടില്ലാത്ത ഡയലോഗ് ഡെലിവറിയുമാണ്. മുഴുവൻ പ്രകടനവും ഒരു തെറ്റും കൂടാതെയുള്ള ഒരു പാക്കേജായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിൽ ഞാൻ കണ്ട തീവ്രത ശക്തമായിരുന്നു, നിർണായകമായ പല രംഗങ്ങളിലും അദ്ദേഹത്തിന്റെ കണ്ണുകൾ തീക്ഷ്ണമായിരുന്നു, അത് ആ രംഗങ്ങൾക്ക് നല്ലൊരു പ്രാധാന്യം നൽകി. ഭാവങ്ങൾ ശ്രദ്ധേയമായിരുന്നു, ഏത് രംഗമായാലും ആധികാരികമായ പെരുമാറ്റവും ശരിയായ ഉച്ചാരണവും ശരിയായ ശൈലിയും അദ്ദേഹം നൽകുന്നു, അതിനാൽ അഭിനയം കൃത്യമാണെന്ന് തോന്നി, മാത്രമല്ല കഥാപാത്രത്തെ ആകർഷകമാക്കാൻ അദ്ദേഹം കുറെയധികം പാഠനം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഒരു വില്ലന്റെ ഘടകവുമായി ഇടകലർന്നതാണ്, അതിനാൽ വില്ലനായി അവതരിപ്പിക്കാൻ ദുൽഖർ സൽമാൻ സ്വീകരിച്ച തന്ത്രങ്ങൾ അതിശയിപ്പിക്കുന്ന നിരവധി ഘടകങ്ങളാൽ ശ്രദ്ധേയമായിരുന്നു. ആദ്യമായിട്ടാണ് അദ്ദേഹം ഒരു നെഗറ്റീവ് റോൾ ചെയ്യുന്നത് ഞാൻ കാണുന്നത്, അതിനാൽ ഒരു നായകനിൽ നിന്ന് വില്ലനിലേക്കുള്ള പരിവർത്തനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും സ്വരത്തിലും നമുക്ക് കണ്ടെത്താനാകുന്നു, അടുത്തതായി അദ്ദേഹത്തിന്റെ സംഭാഷണ രീതിക്ക് വലിയൊരു കൈയ്യടി അർഹിക്കുന്നു, എന്തെന്നാൽ സംഭാഷണങ്ങൾ പറയുന്ന രീതിയുടെ ടൈമിംഗ് മികച്ചതായിരുന്നു, വ്യത്യസ്ത തരം സീനുകൾക്കനുസരിച്ച് വിവിധ തരം മോഡുലേഷൻ സത്യസന്ധമായി കൈകാര്യം ചെയ്തു. വൈകാരിക രംഗങ്ങളിലെ സംഭാഷണങ്ങൾക്ക് വികാരങ്ങളുടെ മൂഡ് കൊത്തിവച്ചിരുന്നു. റൊമാന്റിക് രംഗങ്ങളിൽ വരുമ്പോൾ, അദ്ദേഹത്തിന്റെ ആകർഷകമായ രൂപവും ശോഭിത ധൂലിപാലയുമൊത്തുള്ള ആ പ്രണയ ഗാനങ്ങൾ പിടിച്ചടക്കിയ രീതിയും ആ സീനുകളെ മികവുറ്റതാക്കി. അവസാനം, തന്റെ വില്ലൻ സൈഡ് പ്രദർശിപ്പിക്കാനുള്ള തന്ത്രപരമായ വശത്തേക്ക് വരുമ്പോൾ, ദുൽഖർ തന്റെ അഭിനയത്തിൽ അവിശ്വസനീയമായ ഒരു പ്രകടനം കാഴ്ച വെച്ചു. കഥാപാത്രം ഒരു വഞ്ചകന്റെ തന്ത്രപരമായ വശം ആവശ്യപ്പെടുന്നു, അതിനാൽ വഞ്ചനയുടെ രീതികളും കഥാപാത്രത്തിന്റെ ഇരുണ്ട വശങ്ങളും അതിശയകരമായി അഭിനയിച്ചു, നെഗറ്റീവ് ഷേഡുള്ള ഈ ഘടകങ്ങൾ ദുൽഖറിന്റെ കൈകളിൽ പൂർണ്ണമായും സുരക്ഷിതമായിരുന്നു. അതിനാൽ, ഈ പ്രകടനം മികച്ച വിജയങ്ങളിലൊന്നാണ്.

ഈ ചിത്രത്തിൽ സഹകഥാപാത്രങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, വിജയകുമാർ പ്രഭാകരൻ എന്നിവർ തങ്ങളുടെ പ്രധാന വേഷങ്ങൾ ചെയ്യാൻ പൂർണ്ണ നീതി പുലർത്തുന്നു. ഡിവൈഎസ്പി കൃഷ്ണദാസായി എത്തിയ ഇന്ദ്രജിത്ത് സുകുമാരൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആത്മാർത്ഥതയുള്ള ഒരു പോലീസ് ഓഫീസറുടെ വേഷം ചെയ്യാൻ അദ്ദേഹം സമീപിച്ച രീതി ആകർഷകമായിരുന്നു. എല്ലായിടത്തും സാധുവായ മനോഭാവം നിലനിർത്തുകയും അന്വേഷണാത്മക ട്രാക്കിലെ സംഭാഷണ രീതിയും ശരിയായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇന്ദ്രജിത്ത് സുകുമാരൻ സത്യസന്ധനായ ഒരു പോലീസുകാരന്റെ ഗൗരവം നിലനിർത്തി, കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണാത്മക പോലീസ് ഉദ്യോഗസ്ഥനിൽ നമുക്ക് കണ്ടെത്താനാകുന്ന പ്രതിബദ്ധത അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഉജ്ജ്വലമായി തോന്നുന്നു. വസ്‌തുതകൾ കണ്ടെത്താനുള്ള മിടുക്കുള്ള മനസ്സ്, തെറ്റും ശരിയും തിരിച്ചറിയാനുള്ള മാനസികാവസ്ഥ, ഒരു കുറ്റകൃത്യത്തിൽ അവർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനുള്ള അനുഭവപരിചയമുള്ള മാർഗം എന്നിങ്ങനെയുള്ള ഗുണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രം മുഴുവൻ സിനിമയിലും മികച്ച രീതിയിൽ ആയിരുന്നു, ശരിക്കും ഒരു നല്ല നടൻ, സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ അർഹിക്കുന്നു. ദുൽഖറിനേയും ഇന്ദ്രജിത്തിനെയും പോലെ തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് ഷൈൻ ടോം ചാക്കോയാണ്. അദ്ദേഹത്തിന്റെ ഭാസ്കരൻ പിള്ള എന്ന കഥാപാത്രം നിരവധി നെഗറ്റീവ് ഷേഡുകൾ നിറഞ്ഞതായിരുന്നു, ഷൈൻ ടോം ചാക്കോ ആ കഥാപാത്രത്തെ കൈകാര്യം ചെയ്ത രീതി ഗംഭീരമായിരുന്നു. അദ്ദേഹം സംസാരിക്കുന്ന രീതിയും ഭാവവും ഒരു വില്ലന്റെ യഥാർത്ഥ മുഖം നമുക്ക് അതിലൂടെ കാണാൻ കഴിയുന്നു, സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിലെ കൃത്യമായ തീവ്രത ശ്രദ്ധേയമായിരുന്നു. കുറുപ്പിന്റെ സുഹൃത്ത് ഷാഹു എന്ന കഥാപാത്രത്തെ ശിവജിത്ത് പത്മനാഭൻ തന്റെ മികച്ച പ്രകടനത്തിലൂടെ ശരിയായ പാതയിൽ കൊണ്ട് വന്നു, നെഗറ്റീവ് ഷേഡ് മികച്ച രീതിയിൽ കൈകാര്യം ചെയ്തു, അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രകടനവും ശ്രദ്ധേയമായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്റെ മുൻ സിനിമകളിൽ, വിജയകുമാർ പ്രഭാകരൻ എന്ന നടന് എപ്പോഴും ഒരു പ്രധാന വേഷം ഉണ്ടായിരുന്നു, അദ്ദേഹം ആ കഥാപാത്രങ്ങൾ പോസിറ്റീവായി ചെയ്തു, അതിനാൽ ഇവിടെ ശ്രദ്ധേയമായത് ഒരു നടനോടുള്ള സംവിധായകന്റെ വിശ്വാസമാണ്. കുറുപ്പ് എന്ന സിനിമയിൽ വിജയകുമാർ പ്രഭാകരൻ ഒരു സുപ്രധാന വേഷം ചെയ്തിട്ടുണ്ട് നെഗറ്റീവ് ടച്ചോടെ, കുറുപ്പ് എന്ന കഥാപാത്രത്തിന്റെ വ്യക്തിഗത ഡ്രൈവറായി വീഴാതെ അദ്ദേഹം മികച്ച ഒരു നല്ല പ്രകടനം നടത്തി. കേന്ദ്ര കഥാപാത്രമായ കുറുപ്പിന്റെ ഭാര്യ ശാരദ കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ശോഭിത ധൂളിപാൽ അവതരിപ്പിക്കുന്നത്. അവൾ ഒരു മികച്ച അഭിനേത്രി ആണ്, ദുൽഖർ സൽമാനുമായുള്ള അവരുടെ കോമ്പിനേഷൻ രംഗങ്ങൾ വിവിധ സമ്മിശ്ര വികാരങ്ങളാൽ നിറഞ്ഞിരുന്നു. പ്രണയം മികച്ച രീതിയിൽ പ്രവർത്തിച്ചു, ഇരുവരും തമ്മിലുള്ള കെമിസ്ട്രി ശരിയായ ബന്ധവും ഭാവവും ഉള്ളതായിരുന്നു. അവരുടെ വികാരാത്മകമായ സീനുകൾ നന്നായി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്, സെന്റിമെന്റുകൾക്ക് ശരിയായ ഫീലിംഗ് ഉണ്ടായിരുന്നു.

• ഗാനങ്ങളും പശ്ചാത്തല സംഗീതവും:

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്. സുലൈമാൻ കക്കോടനും ചിത്രത്തിന് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അൻവർ അലിയുടെ വരികൾക്ക് നേഹ നായരും സുഷിൻ ശ്യാമും ചേർന്ന് ആലപിച്ച “പകലിരവുകൾ” എന്ന ഗാനം ശ്രുതിമധുരമായിരുന്നു. ദുൽഖറും ശോഭിത ധൂലിപാലും തമ്മിലുള്ള പ്രണയം ദൃഢമാകാൻ നേഹ നായരുടെ ഗാനത്തിലൂടെ സാധിച്ചു. “ഡിങ്കിരി ഡിങ്കലേ” എന്ന രണ്ടാമത്തെ ഗാനം നന്നായിരുന്നുവെങ്കിലും ആദ്യത്തെ ഗാനത്തിൻ്റെയത്രയും തീവ്രത ഉള്ളതുപോലെ തോന്നിയില്ല. ദുൽഖർ സൽമാൻ ആണ് ഈ ഗാനം ആലപിച്ചത്, അദ്ദേഹത്തിന്റെ ആലാപനം മികച്ചതായിരുന്നു, പക്ഷേ ടെറി ബത്തേയിയുടെ വരികൾക്ക് സമന്വയ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതം അതിശയിപ്പിക്കുന്നതായിരുന്നു, കാരണം ഓരോ പ്രത്യേക സീനിനും അദ്ദേഹം ശരിയായ ട്യൂണുകൾ നൽകി. ക്രൈം സീനുകളുടെ ആഴം മനസ്സിലാക്കാനായി മുഴുവൻ സാഹചര്യത്തെയും പശ്ചാത്തല സംഗീതത്തിലൂടെ വ്യത്യസ്തമായി ഉയർത്തി കൊണ്ട് വന്നു. നാടകീയമായ രംഗങ്ങൾ വരുമ്പോൾ പശ്ചാത്തല സംഗീതം വികാരങ്ങളുടെ മൂഡ് സ്ഥിരപ്പെടുത്താൻ സഹായിച്ചു. ചില പശ്ചാത്തല ട്യൂണുകൾ സസ്‌പെൻസും തീവ്രതയും വളർത്താൻ മികച്ചതായിരുന്നു, അടുത്തതായി എന്താണെന്നറിയാൻ കാഴ്ചക്കാരും രംഗങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു. അന്വേഷണാത്മക രംഗങ്ങൾക്കായി, ശരിയായ ജിജ്ഞാസയും താൽപ്പര്യവും ഉണ്ടാക്കുന്നതിനായി പശ്ചാത്തല സംഗീതം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്, അതിനാൽ സുഷിൻ ശ്യാം രചിച്ച മുഴുവൻ പശ്ചാത്തല സ്‌കോറും ഗംഭീരമായി ഉയർന്നതും ഓരോ സീനിലും അതിന്റെ സ്വാധീനം ആശ്വാസം പകരുന്നതുമായിരുന്നു.

• സാങ്കേതിക വിദ്യയുടെ വിശകലനം:

ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ എല്ലാ രീതിയിലും സമ്പന്നമായിരുന്നു, മികച്ച നിലവാരമുള്ള ഛായാഗ്രഹണം, കൃത്യമായ എഡിറ്റിംഗ്, കാലഘട്ടത്തിനനുസരിച്ചുള്ള ശരിയായ വസ്ത്രധാരണം, കലാവിഭാഗത്തിന്റെ വിശദമായ വർക്കുകൾ എന്നിവ കുറുപ്പിനെ സമീപകാലത്തെ മികച്ച സാങ്കേതിക ചിത്രങ്ങളിലൊന്നാക്കി മാറ്റുന്നു. നിമിഷ് രവിയുടെ ഛായാഗ്രഹണം മികച്ചതായിരുന്നു, സിനിമയിൽ നമുക്ക് കാണാൻ കഴിയുന്ന ഓരോ ഫ്രെയിമും തിരക്കഥയ്ക്ക് അനുസൃതമായിരുന്നു. സിനിമയുടെ ഉത്ഭവകേന്ദ്രമായ കുറ്റകൃത്യം ഛായാഗ്രാഹകൻ സമർത്ഥമായി പകർത്തി, ഫ്രെയിമുകൾ കൊണ്ടും സിനിമയുടെ സ്വഭാവം കൊണ്ടും അത് വളരെ മനോഹരമായി ആസൂത്രണം ചെയ്യതു. അദ്ദേഹം എല്ലാ ഷോട്ടുകൾ ഗംഭീരമായി എടുത്തിട്ടുണ്ട്, പ്രത്യേകിച്ച് ക്രൈം സീനുകൾ, 1980 കാലഘട്ടത്തിന്റെ ഒരു അംശം തൻമയത്വമായ സമീപനത്തോടെ മനോഹരമായി പകർത്തി, ഛായാഗ്രാഹകന്റെ മുഴുവൻ പ്രയത്നവും പ്രത്യേക പരാമർശം അർഹിക്കുന്നു. ആക്ഷൻ സീക്വൻസുകൾക്കും ചേസ് സീനിനുമുള്ള ക്യാമറ ചലനങ്ങൾ ശരിയായ ചലനങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നതായിരുന്നു. ഇൻഡോർ സീനുകൾക്കായി അദ്ദേഹം ഉപയോഗിച്ച ലൈറ്റിംഗ് ടെക്നിക്കുകളും ശ്രദ്ധേയമായിരുന്നു, കൂടാതെ ഔട്ട്ഡോർ സീനുകൾ പ്രത്യേകിച്ച് ഇന്ത്യയുടെ വടക്കൻ ഭാഗത്തെ രംഗങ്ങൾ ശരിയായ രീതിയിൽ നന്നായി പിടികൂടി എടുത്തിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന ചില ക്ലോസപ്പ് ഷോട്ടുകൾ നൈസർഗികമായി എടുത്തതാണ്, മുഴുവൻ ക്യാമറാ വർക്കുകളും എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. വിവേക് ​​ഹർഷന്റെ എഡിറ്റിംഗ് കുറ്റമറ്റതായിരുന്നു, കട്ട്‌സ് ശരിയായ പാതയിലായിരുന്നു, സീനുകളുടെ പരിവർത്തനം ഒരു തരത്തിലുമുള്ള പൊരുത്തക്കേടുകൾ നൽകിയില്ല. എഡിറ്റിംഗിൽ എനിക്ക് രസകരമായി തോന്നിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗ്രേഡിംഗാണ്, രാത്രിയിലെ ഷോട്ടുകൾ സ്വാഭാവികമായി കാണപ്പെട്ടു, ഏത് തരത്തിലുള്ള സീനാണ് എന്നതിനെ ആശ്രയിച്ച് വിവേക് ​​ഹർഷൻ ശരിയായ ഗ്രേഡിംഗ് നൽകിയിട്ടുണ്ട്. വസ്ത്രാലങ്കാരം ഗംഭീരമായിരുന്നു അത് എടുത്തു പറയേണ്ടതാണ്, കാരണം ഒരു ആനുകാലിക സിനിമ എന്ന നിലയിൽ കഥാപാത്രങ്ങൾക്കായി നമുക്ക് സിനിമയിൽ കാണാൻ കഴിയുന്ന എല്ലാ വസ്ത്രങ്ങളും ആ സമയത്തിനും വർഷത്തിനും അനുസരിച്ചുള്ളതായിരുന്നു, ഒരു ക്രമക്കേടും അനുഭവപ്പെട്ടിരുന്നില്ല. ദുൽഖറിന്റെ വസ്ത്രങ്ങൾ സ്റ്റൈലിഷും 1980 കളിലെ ഫാഷനുമായി പൊരുത്തപ്പെടുന്നതുമായിരുന്നു. ആനുകാലിക സമയങ്ങളുടെ സെറ്റുകൾ നിർമ്മിക്കുന്നതിൽ കലാവിഭാഗം അവിശ്വസനീയമായ ഒരു ജോലി ചെയ്തിട്ടുണ്ട്, കൂടാതെ ഇന്ത്യയുടെ വടക്കൻ ഭാഗത്തെ സൂചിപ്പിക്കുന്ന ഫിലിം സെറ്റും യഥാർത്ഥമായി കാണപ്പെട്ടു. അതുകൊണ്ട് തന്നെ മുഴുവൻ സാങ്കേതിക വിഭാഗവും ഒരു ടീമായി പ്രവർത്തിച്ച് സിനിമയെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൊണ്ടുവന്നു.

• നിഗമനം:
മൊത്തത്തിൽ നോക്കുമ്പോൾ കുറുപ്പ് എന്ന ചിത്രം എനിക്ക് സമ്മിശ്ര അനുഭവമാണ്. ഒരുപാട് പ്രതീക്ഷകൾ ഇല്ലാതെ ഒറ്റ തവണ കാണാൻ കഴിയുന്ന ഒരു ചിത്രമാണിത്. അഭിനേതാക്കളിൽ നിന്നുള്ള മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിഭാഗത്തിന്റെ കഴിവു കൊണ്ടും ഈ ചിത്രം മികച്ചതാകുന്നു മേക്കിംഗ് അത്ര പെർഫെക്റ്റ് ആയില്ല, നിർമ്മാതാക്കളിൽ നിന്നുള്ള ഭാവനകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല, അതുകൊണ്ടുതന്നെ ചിത്രം ശരാശരിയിൽ നിൽക്കുന്നു.

റേറ്റിംഗ്: 3/5

admin:
Related Post