അഞ്ജലി മേനോനെ പോലെ ആഴത്തിൽ മനുഷബന്ധത്തെ ചിത്രീകരിക്കുന്ന ഒരു തിരകഥാകൃത്ത് ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ആദ്യ സിനിമയായ മഞ്ചാടിക്കുരു മുതൽ ഇപ്പോൾ “കൂടെ” എന്ന ചിത്രത്തിലും ഈ തീവ്രത വളരെ ഭംഗിയായി അഞ്ജലി വരച്ചു കാട്ടി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
ഏതൊരു പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുന്ന രീതിയിൽ മനോഹരമായ ഒരു സഹോദരി സഹോദര ബന്ധങ്ങളുടെ കഥ പറയുകയാണ് കൂടെയിലൂടെ അഞ്ജലി. അതോടൊപ്പം നല്ലൊരു പ്രണയബന്ധവും കാണാം. ഒരേ സമയം ഒരു സഹോദരനായും കാമുകനായും മുന്നോട്ട് പോവുന്ന ഒരു യുവാവിന്റെ കഥ.
ചിത്രത്തിൽ ജെന്നി ആയി നസ്രിയ വേഷമിടുന്നു. ജെന്നിയുടെ സഹോദരൻ ജോഷ്വാ ആയി പൃഥ്വിരാജുo സോഫിയയായി പാർവതിയും വേഷമിടുന്നു. “കൂടെ”യിൽ പ്രിത്വിരാജിനെയും പാർവതിയെയും നസ്രിയയെയും കാണില്ല പകരം ജോഷ്വായെയും സോഫിയെയും ജെന്നിയെയും കാണാം. അത്രത്തോളം മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ചവച്ചത്.
പൃഥ്വിരാജും നസ്രിയയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അച്ഛനമ്മമാരായി സംവിധായകന്‍ രഞ്ജിത്തും മാലാ പാര്‍വതിയും വേഷമിട്ടിരിക്കുന്നു. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ക്ലൈമാക്സിൽ റോഷന്റെ പ്രകടനം എടുത്തുപറയേണ്ടതുതന്നെയാണ്.
ലിറ്റില്‍ സ്വയമ്പാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകരാണ് എഡിറ്റിങ്. എം ജയചന്ദ്രനും രഘു ദീക്ഷിതുമാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടത്. എം. രഞ്ജിത്താണ് നിര്‍മാണം.
വാക്കുകൾക്കപ്പുറം വർണനിയമാണ് കൂടെ. തീർച്ചയായും ഈ ചിത്രം കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി കാണണം.