നായികയുടേയും നായകന്റെയും ആദ്യ കൂടി കൂടികാഴ്ച തന്നെ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ്. ഒരു ഹർത്താലിൽ മൈസുരുവിൽനിന്നു കണ്ണൂരിൽ ട്രെയിനിറങ്ങിയതാണ് ഐശ്വര്യ. ഹർത്താലായതിനാൽ ഐശ്വര്യയെ വീട്ടിലേക്ക് എത്തിക്കാനുള്ള നിയോഗം യാദൃച്ഛികമായി ആനന്ദിനു കിട്ടുന്നു. ബൈക്കിൽ പോകുന്നതിനിടെ ഇവരെ ഹർത്താൽ അനുകൂലികളായ പാർട്ടിക്കാർ തടയുന്നു. അവരെ വെട്ടിച്ച് ആനന്ദ് ഇടവഴികളിലൂടെയും കുന്നിൻമുകളിലൂടെയും ബൈക്കോടിച്ച് ഐശ്വര്യയെ വീട്ടിലെത്തിച്ചു. ആനന്ദായി ഷെയ്ൻ നിഗവും ഐശ്വര്യയായി നിമിഷ സജയനും വേഷമിട്ടിരിക്കുന്നു.
കെപിഎ൦, കെജെപി എന്നീ രണ്ടു രാഷ്ട്രീയക്കാരുടെ പകപ്പോക്കലാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കെപിഎമ്മിന്റെ അടിയുറച്ച പാർട്ടി കുടുംബമാണ് ഐശ്വര്യയുടേത് ആനന്ദിന്റെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം കെജെപിക്കാരും. രാഷ്ട്രീയക്കളികളിൽ താൽപര്യമില്ലാത്ത യുവാവാണ് ആനന്ദ്. ഐശ്വര്യയുടെ ഏട്ടൻ കാരിപ്പള്ളി പ്രാദേശിക നേതാവാണ്. ശത്രുക്കളായ രണ്ട് പാർട്ടി കുടുംബങ്ങളിലെ അസാധാരണ അപ്രായോഗിക പ്രണയമാണ് ഈടയുടെ ഉള്ളടക്കം.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു. ആദ്യ പകുതിയിലെ പതിഞ്ഞ താളം ചിലര്‍ക്കെങ്കിലും വിരസമായേക്കം. രണ്ടാം പകുതിയിൽ രാഷ്ട്രീയ വയലൻസിനാണ് മുൻതൂക്കം. കണ്ണൂരിന്റെ കാവുകളും തെയ്യങ്ങളും തുരുത്തുകളും പച്ചപ്പും കുന്നുകളും സ്വഭാവികതയോടെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ഇടതുപക്ഷത്തെന്റെയോ സംഘപരിവാറിന്റെയോ പക്ഷം പിടിക്കാതെ, മനുഷ്യപക്ഷത്തുനിന്നുള്ള ആഖ്യാനമാണ് സിനിമ.
രചനയും സംവിധാനവും എഡിറ്റിങ്ങും അജിത് കുമാർ നിർവഹിച്ചിരിക്കുന്നു. പാട്ടുകള്‍ എഴുതിയത് അൻവർ അലി. ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ ശർമിള രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സുരഭി ലക്ഷ്മി, പി.ബാലചന്ദ്രൻ, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, സുനിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചൂണ്ടയും ഇരയുമാകുന്ന മനുഷരുടെ അവസ്ഥ കാണിക്കുന്ന ചിത്രം ഒരിക്കലും ആനന്ദത്തോടെ കണ്ടിറങ്ങാന്‍ സാധിക്കില്ല.