ആനന്ദ് സുബ്രമണ്യം എന്ന എഞ്ചിനിയറിങ് വിദ്യാർത്ഥിയെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. പ്രിയ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് അപർണ ബാലമുരളി ആണ് .
കോളേജ് ക്യാമ്പസും വിദ്യാർത്ഥികളും, തമാശയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി. ആസിഫലിയുടെ ഇൻട്രൊഡക്ഷൻ രംഗം കയ്യടി നേടുന്നതാണ്. രണ്ടാം പകുതിയിലെത്തുമ്പോഴേക്കും ചിത്രം കുറച്ചു സീരിയസ് ആകുന്നുണ്ട്. ബിടെക് പഠനം പൂർത്തിയാകാതെ കാശ് ഉണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകനും കൂട്ടുകാരും നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് രണ്ടാം പകുതി നീങ്ങുന്നത്.
സോഷ്യൽ എലമെന്റ്സ് ഉള്ളൊരു ഒരു ക്യാമ്പസ് ചിത്രമാണ് ബിടെക്. എല്ലാവരുടെയും അഭിനയം നന്നായിരുന്നു. അനന്യയായി വന്ന നിരഞ്ജന അനൂപ് ശരിക്കും കയ്യടി അർഹിക്കുന്നു. നായികയ്ക്ക് എടുത്തുപറയത്തക്ക അഭിനയ നിമിഷങ്ങൾ ഇല്ല. അനൂപ് മേനോൻ എന്ന നടന്റെ അഭിനയ മികവ് പൂർണമായി ചിത്രത്തിൽ ഉപയോഗിച്ചു എന്ന് പറയാൻ കഴിയില്ല.
അജു വർഗ്ഗീസ്, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ്, തുഷാർ , അലന്‍സിയര്‍, ജയന്‍ ചേര്‍ത്തല, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആസിഫ് അലി മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ബിടെക്. രഹുൽ രാജിന്റേതാണ് സംഗീതം, മനോജ് കുമാർ ഛായാഗ്രഹണം. വലിയ മുഷിപ്പൊന്നും ഇല്ലാതെ ആദ്യാവസാനം വരെ പ്രേക്ഷകരെ തീയേറ്ററിൽ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിച്ചു.
ഇതൊരു ക്യാമ്പസ് സിനിമ മാത്രമല്ല. ഇന്ന് സമൂഹം കണ്ടു വരുന്ന ഒരു പ്രശ്നം കൂടി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഒരു സാധാരണ സിനിമ കാണാം എന്ന രീതിയിൽ പോയാൽ ബിടെക് ഇഷ്ടമാകും.