ബലത്തിലും ശക്തിയിലും തങ്ങൾക്കു മേൽ നിൽക്കുന്ന അസുരന്മാരെ കീഴാളൻമാരാക്കി വയ്ക്കുവാൻ ആദി കാലം മുതൽക്കേ ദേവന്മാർ തുടരുന്ന ചതിയുടെ, വഞ്ചനയുടെ, മേൽകൊയ്മയുടെ മേധാവിത്വം ദേശ കാലാന്തരങ്ങൾക്കപ്പുറത്തേക്ക് തലമുറകളെ വേട്ടയാടുന്ന കൊടും പകയായി മാറുന്നതിന്റെ തീവ്രമായ ദൃശ്യാനുഭവമാണ് അസുരൻ.
അസുരന്റെ ആസുര ഭാവങ്ങൾക്കാധരം നില നിൽപിന്റെ ആവശ്യകതയായിരിക്കെ, ദേവന്മാരുടെ കൊടും ചതികൾ അവരെന്നും മേലെയായിരിക്കണം എന്ന അഹന്ത നിറഞ്ഞ ദു:ശ്ശാഠ്യങ്ങളും.
നീചമായ പ്രകോപനങ്ങൾക്കു മുന്നിൽ തലകുനിച്ച്, അഭിമാന ക്ഷതങ്ങൾക്ക് മീതെ ഭസ്മം പൂശി, വേദനകൾ ചാരായത്തിൽ അലിയിച്ച്, ഒരു സാധാരണ മനുഷ്യനായൊതുങ്ങാൻ ശ്രമിക്കുന്ന ശിവസ്വാമി അസുരനായി മാറുന്ന നിമിഷങ്ങൾക്ക് പൂർണത നൽകുന്നു ധനുഷ്
പട്ടിലും പൊന്നിലും പൂവിലും പൊതിഞ്ഞ് ഫ്രെയിമുകൾ മോടി കൂട്ടുന്ന ഒരു ദേവതയല്ല പച്ചയമ്മ (മഞ്ജു വാര്യർ) മാതൃത്വത്തിന്റെ പകരം വയ്ക്കാനാവാത്ത നഷ്ടത്തിന്, പകരം ചോദിക്കാനായി സ്വയമുരുകിയവൾ
നിൻറെ നിലം അവർ കൈയേറും , നിൻറെ ധനം അവർ കൊള്ളയടിക്കും പക്ഷേ നിൻറെ അറിവിനെ അവർ ഭയക്കും. ആത്മാഭിമാനത്തോടെയുള്ള അതിജീവനത്തിനായി വിദ്യ തേടൂ എന്ന മഹത്തായ സന്ദേശത്തോടെ ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടും അസുരൻ!
ദേവി അരുൺ