ആമി മൂവി റിവ്യൂ

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് ആമി. ചിത്രത്തിൽ ആമിയായി മഞ്ജു വാര്യർ വേഷമിട്ടിരിക്കുന്നു. സംവിധാനം കമൽ.

നീർമാതളം എന്ന  പാട്ടിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ശ്രേയ ഘോഷാൽ  ആലപിച്ച ഈ മനോഹര ഗാനം  പല സീനുകളിലും തുടർച്ചയായി വരുന്നത് കാണാം. എന്നാൽ ഒരൊറ്റ രംഗത്തിൽ പോലും അവ അനാവശ്യമായി തോന്നില്ല. ആ പാട്ടിനോട് തന്നെ നമുക്ക് ഇഷ്ടം തോന്നും.

ഓരോ ഫ്രെയിമും മനോഹരമാണ്. ഓരോന്നിലും സംവിധായകന്റെ, അഭിനേതാക്കളുടെ, ഛായാഗ്രാഹകന്റെ, സംഗീത സംവിധായകന്റെ മിടുക്ക് പ്രകടമാണ്.

ആദ്യപകുതി മികച്ച സംഭാഷണo, സംഗീതം,  അഭിനയo എന്നിവയാൽ അതിമനോഹരമാണ്. രണ്ടാം പകുതിയും മികച്ചതുതന്നെ. എന്നാൽ ഇടവേളയ്ക്ക് ശേഷം  രണ്ടാം പകുതിയുടെ തുടക്കം മുതൽ കഥയോട് ഇണങ്ങിച്ചേരാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കും.

അനൂപ് മേനോൻ അവതരിപ്പിച്ച അൻവർ അലി എന്ന കഥാപാത്രവും അതിലൂടെ ഇസ്ലാം മതത്തെ പറ്റി പറയുന്നതും അയാളുടെ സ്വാധീനം മൂലം കമലാ ദാസ് കമലാ സുരയ്യ ആകുന്നതുമാണ് രണ്ടാം പകുതി. കുറച്ചധികം പതുക്കെ തന്നെയാണ് കഥപറച്ചിൽ. അതിനാൽ തന്നെ ലാഗിംഗ് തോന്നിക്കാൻ ഇടയുണ്ട്. പക്ഷെ രസച്ചരട് മുറിയുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന, സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ പറ്റി മുസ്ലിങ്ങളായ കഥാപാത്രങ്ങൾ പറയുന്നുണ്ട് എങ്കിലും മാധവി കുട്ടി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കമലാ സുരയ്യ ആയപ്പോൾ ലഭിക്കാതെ വരുന്നത് ശ്രദ്ധേയമാണ്.

മഞ്ജു വാര്യരുടെ കരിയറിലെ മികച്ച  വേഷങ്ങളിൽ ഒന്നുതന്നെയാണ് ആമി.  കമലാ ദാസിനെ നന്നായി അവതരിപ്പിക്കാൻ മഞ്ജുവിന് സാധിച്ചു. ക്ലൈമാക്സിലെ മഞ്ജുവിന്റെ പ്രകടനo കയ്യടി അർഹിക്കുന്നു.

ആമിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആഞ്ജലീന എബ്രഹാം എന്ന കുട്ടിയുടെ അഭിനയത്തിൽ തുടങ്ങി കൗമാരം അവതരിപ്പിച്ച നീലാഞ്ജനയിലേക്ക് എത്തുമ്പോൾ ആമി എന്ന കഥാപാത്രവും നമ്മുടെ കൂടെ സഞ്ചരിക്കും. നീലാഞ്ജനയുടെ പ്രകടനം എടുത്തു പറയേണ്ടതുതന്നെയാണ്.

ചിത്രത്തിൽ ആമിയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായ കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടോവിനോ ആണ്. ടോവിനോയുടെ ചിരിയും ആ കഥാപാത്രം വരുന്ന രംഗങ്ങളും ആമിയുടെ ജീവിതത്തിൽ കൃഷ്‌ണനുള്ള സ്വാധീനവുമെല്ലാം അവസാനം വരെ ഒരു കവിത പോലെ മനോഹരമായി ചിത്രത്തിൽ  പറയുന്നു.

ഗാനങ്ങളെല്ലാം മികച്ചതുതന്നെ. ശ്രേയയും വിജയ്‌ യേശുദാസും ആലപിച്ച ‘പ്രണയമായി രാധ’.. എന്ന പാട്ടു തരുന്ന ഫീൽ വെറും വാക്കുകളിൽ ഒതുക്കാൻ കഴിയുന്നില്ല.  ആ ഗാനം ദൃശ്യങ്ങൾ കൊണ്ടും ആലാപനം കൊണ്ടും വളരെയേറെ മികച്ച് നിൽക്കുന്നു.

സംവിധായകൻ എന്ന നിലയിൽ കമലും നായിക എന്ന നിലയിൽ മഞ്ജുവും വിജയിച്ചു എന്നുതന്നെ പറയാം. മികച്ച പ്രതികരണമാണ് ചിത്രം കണ്ട പ്രേക്ഷകർക്കുള്ളത്.  സിനിമ തീരുമ്പോൾ മാധവി കുട്ടി എന്ന യഥാർത്ഥ സ്ത്രീയോട് ബഹുമാനവും സ്നേഹവും കൂടുന്നു.

admin:
Related Post