തഞ്ചാവൂരിലെ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വര (ശിവ ) ക്ഷേത്രത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്.
കാമധേനുവിന്റെ കന്ന് പട്ടി പൂജിച്ച സ്ഥലം, ഛായാഹത്തി ദോഷം മാറാൻ ശ്രീരാമൻ പൂജ ചെയ്ത സ്ഥലം, വിശ്വാമിത്രന് ‘ബ്രഹ്മർഷി’ എന്ന ബഹുമതി ലഭിച്ച സ്ഥലം എന്നിങ്ങനെ ഒട്ടേറെ ഐതീഹ്യകഥകൾ പട്ടീശ്വര ക്ഷേത്രത്തെക്കുറിച്ചുണ്ട്.
ദുർഗ്ഗാദേവി ക്ഷേത്രമായാണ് പട്ടീശ്വരം അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ധേനുപുരേശ്വരൻ, പട്ടീശ്വരൻ എന്നീ പേരുകളിൽ ശിവഭഗവാൻ ഇവിടെ അറിയപ്പെടുന്നു. ശ്രീരാമനാണ് ഇവിടെ ശിവലിംഗപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. എന്നാൽ ശാന്തസ്വരൂപിയായ ദുർഗ്ഗാദേവിയുടെ നാമത്തിലാണ് പട്ടീശ്വരം കോവിൽ പുറമേ അറിയപ്പെടുന്നത്. അഞ്ച് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ നിന്നു തന്നെ ഉദ്ദേശം 8 അടിയെങ്കിലും ഉയരമുള്ള അഷ്ടബാഹുവായ അതിസുന്ദര ദേവീ വിഗ്രഹം നമുക്ക് കാണാൻ കഴിയും.
ശിവനെപ്പോലെതന്നെ ത്രിനേത്രയാണ് ഇവിടെ ദേവി. മാത്രമല്ല സാധാരണയായി ദുർഗ്ഗാക്ഷേത്രങ്ങളിൽ ദേവീ വാഹനമായ സിംഹം ദേവിയുടെ വലത്തു വശത്താണ് കാണപ്പെടുന്നതെങ്കിൽ ഇവിടെ ഇടത്തേയ്ക്ക് മുഖംതിരിച്ചാണ് നിൽക്കുന്നത്.
പ്രധാനമായും രാഹുകേതു ദോഷപരിഹാരാർത്ഥമാണ് ഭക്തർ ഇവിടെ ദേവിയെ ഉപാസിക്കാൻ എത്തുന്നത്. അതുകൊണ്ട് തന്നെ രാഹുകാലങ്ങളിൽ ഇവിടെ ദേവിയ്ക്ക് പ്രത്യേകം പൂജകൾ നടത്തപ്പെടുന്നു. കൂടാതെ ചൊവ്വാദോഷപരിഹാരവും ഇവിടെ ലഭിക്കുമെന്നാണ് ഭക്തവിശ്വാസം. ഗണപതി, ഭൈരവൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.
കുംഭകോണം നഗരത്തിൽനിന്നും 8 കിലോ മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.