കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട ചടങ്ങുകള്‍ക്ക് ആരംഭമായി. ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. കലശമണ്ഡപത്തില്‍ നിന്ന് മണിത്തറയിലേക്ക് തിരുവന്‍ചിറ മുറിച്ചുള്ള പാത ഓടകള്‍ കൊണ്ട് പ്രത്യേകമായി വേര്‍തിരിച്ചു.തുടര്‍ന്ന് പ്രധാന തന്ത്രിമാര്‍ സ്വര്‍ണം,വെള്ളി കുടങ്ങളില്‍ പൂജിച്ച് വെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടപ്പം മണിത്തറയില്‍ പ്രവേശിച്ച് എല്ലാ ബ്രാഹ്മണരുടെയും അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തില്‍ കളഭം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.അഭിഷേകത്തിനുശേഷം മുഴുവന്‍ ബ്രാഹ്മണരും ചേര്‍ന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂര്‍ണ പുഷ്പാഞ്ജലിയും സ്വയംഭൂവില്‍ സമര്‍പ്പിച്ചു. പുഷ്പാഞ്ജലി കഴിഞ്ഞ് തീര്‍ത്ഥവും പ്രസാദവും ഭക്തര്‍ക്ക് നല്‍കുന്നതോടൊപ്പം ആടിയ കളഭവും നല്കി. തുടര്‍ന്ന് കുടിപതികള്‍ തിടപ്പള്ളിയില്‍ കയറി നിവേദ്യചേറും കടുംപായസവും അടങ്ങുന്ന മുളക്, ഉപ്പ് എന്നിവ മാത്രം ചേര്‍ത്ത് കഴിക്കുന്ന തണ്ടുമ്മല്‍ ഊണ് എന്ന ചടങ്ങ് നടത്തി. തുടര്‍ന്ന് മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാള് തിരിച്ചെഴുന്നള്ളിച്ചു. അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ഭണ്ഡാരം ഇക്കരെക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം സന്നിധാനത്ത് നിന്ന് എല്ലാവരെയും തിരിച്ചയച്ചതിനുശേഷം പ്രധാനതന്ത്രിയുടെ നേതൃത്വത്തില്‍ യാത്രബലി നടത്തി. ഓച്ചറും പന്തക്കിടാവും തന്ത്രിയെ അനുഗമിച്ചു. പാമ്പറപ്പാന്‍ തോട് വരെ നിശ്ചിത സ്ഥാനങ്ങളില്‍ ഹവിസ് തൂവി കര്‍മ്മങ്ങള്‍ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരില്‍ നിന്ന് പടിഞ്ഞാറേക്ക് നടന്നു പോയതോടെ വൈശാഖോത്സവം സമാപിച്ചു.ബലിബിംബങ്ങള്‍ ഇക്കരെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് നിത്യപൂജകള്‍ക്ക് തുടക്കമായി. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇന്ന് വറ്റടി നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയില്‍ എത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദിച്ചശേഷം മടങ്ങും. ഇനി അക്കരെ സന്നിധാനം 11 മാസക്കാലം നിശ്ബ്ദദയില്‍ അമരും.
കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു – ചിത്രങ്ങൾ കാണാം
Related Post
-
കേരളത്തിലെ ഏറ്റവും പഴക്കമുള്ള കുബേര ക്ഷേത്രം , പൂജകൾ ഓൺലൈനിനായി ബുക്ക് ചെയ്യാം
തൃപ്രങ്ങോട് ശിവക്ഷേത്രത്തിനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനും മധ്യത്തിലായി ചെറിയപറപ്പൂർ എന്ന ഗ്രാമത്തിൽ ആണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..…
-
ശബരിമല വിഷു മേടമാസ പൂജ 2024: വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതൽ
ശബരിമല ക്ഷേത്രത്തിലെ മേടമാസ പൂജയോടനുബന്ധിച്ച് ദർശനം ബുക്ക് ചെയ്യുന്നതിനുള്ള വെർച്വൽ-ക്യൂ പോർട്ടൽ ഇന്ന് വൈകിട്ട് 5 മണി മുതൽ സജ്ജമാകും.…
-
നാലമ്പലദർശനം പുണ്യം
കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് പുണ്യo. ശ്രീരാമനും ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രദർശനത്തെയാണ് നാലമ്പലദർശനം എന്ന് പറയുന്നത്. രാമപുരം ശ്രീരാമസ്വാമി…