ആലപ്പുഴ : വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ യുവാവിന് ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആലപ്പുഴ ചന്ദീരൂർ കാട്ടിൽത്തറ വീട്ടിൽ സന്ദീപിനാണ് വൃക്കരോഗ ചികിത്സയ്ക്ക് ആവശ്യമായ 10 ലക്ഷം രൂപയുടെ ചികിത്സ സഹായം എം.എ യൂസഫലി കൈമാറിയത്. പ്രണയിച്ച് വിവാഹിതരായ സന്ദീപും അനുവുമാണ് ജീവിത ദുരിതങ്ങളുടെ കണ്ണീരിൽ കഴിയുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോഗം ബാധിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷകളുമറ്റു. അച്ഛനും അമ്മയും ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒറ്റമുറി വീട്ടിലാണ്. ജ്വലറിയിലെ സെയിൽസ്മാനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ചികിത്സയ്ക്കായി സുഹൃത്തുക്കൾ രംഗത്തിറങ്ങിയതോടെയാണ് ഈ വാർത്ത ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുന്നത്.
സന്ദീപിന്റെ ഇരു വൃക്കകളും മാറ്റിവച്ചെങ്കിൽ മാത്രമേ ഇനി പഴയ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കു. വൃക്കമാറ്റി വയ്ക്കുന്നതിന് ഭാര്യ അനു തയ്യാറായെങ്കിലും പാലാരിവട്ടത്തെ ലാബിൽ നടത്തിയ ഡി.ടി.പി.എ ടെസ്റ്റിൽ അനുവിന്റെ വലത് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. അനുവിന്റെ വൃക്ക നൽകിയാലും സന്ദീപിന് ഗുണമുണ്ടാകില്ലെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വൃക്കദാതാവിനെ കണ്ടെത്തേണ്ട ആവശ്യകതയും എത്തിയത്. ചികിത്സ കഴിഞ്ഞാലും ഒരു വർഷത്തെ വിശ്രമവും ആവശ്യമാണ്. ചികിത്സയ്ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും പ്രതീക്ഷിച്ച സഹായം എത്തിയില്ല. ഈ അവസരത്തിലാണ് മനുഷ്യസ്നേഹിയായ എം.എ യൂസഫലിയുടെ ഇടപെടലും എത്തുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ, ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് തുടരുകയാണ്.
ഭാരിച്ച തുകയാണ് ആശുപത്രിയിൽ ചിലവാകുന്നതും. ശസ്ത്രക്രിയയ്ക്ക് വേണ്ട ചികിത്സാ ചിലവിൽ 10 ലക്ഷം രൂപ എം.എ യൂസഫലിക്ക് വേണ്ടി ലുലു ഐ.ടി ഇൻഫ്രാബിൽഡ് , സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിലും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറി. ജീവിതം തിരിച്ചു നൽകിയ യൂസഫലി സാറിനോടുള്ള നന്ദി വാക്കുകൾ കണ്ണീരോടൊണ് അനുവും സന്ദീപും അറിയിച്ചത്.
yusuf ali donated 10 lakhs for treatment