15 പേര്‍ അടങ്ങുന്ന ലോബിയാര്? മലയാള സിനിമയെ കയ്യടക്കി വയ്ക്കുന്നതിൽ ഇവരുടെ പങ്ക് എന്താണ്. ഹേമാ കമ്മീഷൻ റിപ്പോർട്ടിനെ പലരും ഭയക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സിനിമ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേര്‍ അടങ്ങുന്ന ലോബിയാണെന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 300 പേജുളള റിപ്പോര്‍ട്ട് 2020 ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 15 പേര്‍ അടങ്ങുന്ന ലോബിയുടെ നീക്കങ്ങള്‍ കാരണമാണ് മൊഴി നല്‍കാമെന്ന് ഉറപ്പു നല്‍കിയവരില്‍ പലരും പിന്മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Why are you afraid of Hema Commission? Saji Cherian will release the report