പമ്പയില്‍ ജലനിരപ്പ് ഉയരുന്നു : ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്


ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചത്. അതേ സമയം ശബരിമലയിലേക്കുള്ള യാത്ര തത്ക്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

പമ്പ മണല്‍പ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മണല്‍പ്പുറത്ത് പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ജലം ഇറങ്ങിയാല്‍ മാത്രമേ കുഴികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമായതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പയിലേക്ക് തിരിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണല്‍പ്പുറത്ത് പമ്പിംഗ് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ട്രാന്‍സ്ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി വിതരണം പോലും പുനസ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പമ്പയില്‍ മൂന്ന് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജലം ഇറങ്ങിയാല്‍ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പമ്പയുടെ മറുകരയില്‍ രണ്ട് വാട്ടര്‍ ടാങ്കുകളിലായി കുറച്ചുദിവസത്തേക്കുള്ള ശുദ്ധജലം സ്റ്റോക്കുണ്ട്. ഇത് തീരുന്ന അവസ്ഥയില്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. പ്ലാപ്പള്ളിയില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞു താണിട്ടുണ്ട്. വാഹന ഗതാഗതം നടക്കുമെങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് ഇത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

admin:
Related Post