തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.
ഇന്ന് നല്‍കിയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണെന്നും (4395പേര്‍) ചെന്നിത്തല പറഞ്ഞു. കൂത്തുപറമ്ബ് (2795), കണ്ണൂര്‍ (1743), കല്‍പ്പറ്റ (1795), ചാലക്കുടി (2063), പെരുമ്ബാവൂര്‍ (2286), ഉടുമ്ബന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283) എന്നീ മണ്ഡലങ്ങളുടെ പട്ടികയാണ് കൈമാറിയത്. പലയിടത്തും വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെട്ടതും കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടതും ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല.
സംഘടിതമായി ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രിമത്വം നടത്തിയിരിക്കുന്നത്. ഈ അട്ടിമറി നടത്തിയവര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈയടക്കിയിരിക്കുകയാണ്. വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്.
സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിരിക്കുന്നു എന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
English Summary : Voter list irregularities: Chennithala handed over more information to the commission