‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു

കേരളത്തില ആദ്യത്തെ അതിവേഗ എ.സി ബോട്ട് ‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ബോട്ട് സര്‍വ്വീസ്.വേഗ സര്‍വ്വീസ് ആരംഭിക്കുന്നതോടെ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 37 കിലോമീറ്റര്‍ സഞ്ചാരം ഇനി ഒന്നേമുക്കാൽ മണിക്കൂറിൽ സാധ്യമാകും. സാധാരണ ബോട്ടുകള്‍ മണിക്കൂറില്‍ 13-14 കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ വേഗ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.

ആദ്യദിനങ്ങളിൽ രാവിലെയും വൈകീട്ടും രണ്ട് സര്‍വ്വീസുകളാണ് ഉണ്ടാവുക. ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓഫീസിലെത്തുന്നതിനും തിരിച്ചു പോകുന്നതിനും സൗകര്യം കണക്കിലെടുത്താവും സമയം നിശ്ചയിക്കുക. സര്‍വ്വീസ് ആരംഭിക്കുന്ന വൈക്കത്തും അവസാനിക്കുന്ന എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപമുള്ള ബോട്ട് ജെട്ടിയ്ക്കും ഇടയില്‍ മൂന്ന് സ്‌റ്റോപ്പുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ജലഗതാഗതത്തെ ഒട്ടേറെപ്പേര്‍ ആശ്രയിക്കുന്ന തവണക്കടവില്‍ നിന്നും വൈക്കം ജെട്ടിയിലേക്കും പെരുമ്പളം മാര്‍ക്കറ്റില്‍ നിന്നു പാണാവള്ളിയിലേക്കും വൈറ്റില, കാക്കനാട് എന്നിവിടങ്ങളില്‍ നിന്ന് തേവര ഫെറിയിലേക്കും കണക്ഷന്‍ ബോട്ടുകള്‍ ആരംഭിക്കും. 40 എ.സി സീറ്റുകളും 80 നോണ്‍ എ.സി സീറ്റുകളുമാണുള്ളത്.

കേരളത്തിലെ ജലപാതകള്‍ ജനപകാരപ്രദമായി വിനിയോഗിക്കുകയും ജലഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതിയ ബോട്ട് സര്‍വ്വീസ്. സൂപ്പർ ഫാസ‌്റ്റ‌് ബോട്ടുകളുടെ അടുത്തഘട്ട സർവീസ‌് ഡിസംബറിൽ ആരംഭിക്കും.

admin:
Related Post