ടെസ്റ്റ് ഡ്രൈവിനിടെ രണ്ട് മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അമിത വേ​ഗതയെങ്കിൽ അന്വേഷണം

കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ രണ്ട് മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. വില്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രിയ വിദ്യാലയ ഗ്രൗണ്ടിന് സമീപത്തുവച്ച് ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടമായ ഒരു മെഴ്‌സിഡീസ് ബെന്‍സ് കാര്‍ മറ്റൊരു ടെസ്റ്റ് ഡ്രൈവ് നടത്തുന്ന മെഴ്‌സിഡീസ് ബെന്‍സ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടെസ്റ്റ് ഡ്രൈവിങ് കാറുകള്‍ക്ക് പുറമേ മറ്റൊരു കാറു കൂടി അപകടത്തില്‍ പെട്ടുവെന്നും പൊലീസ് അറിയിച്ചു.

അപകടത്തില്‍പെട്ട ജിടി 63 എസ് ഇ കാര്‍ ഓടിച്ചത് ഒരു വനിതയായിരുന്നു. റെയില്‍വേ ഗേറ്റിന് അടുത്തുവെച്ച് അമിത വേഗതയിലായിരുന്ന ഈ കാറിന് റോഡരികിലെ പഴയ റെയില്‍വേ ട്രാക്കിനു മുകളിലേക്കു കയറിയതോടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലേക്കാണ് ആദ്യം ഇടിച്ചത്. വലത്തേക്കു വെട്ടിച്ചതോടെ എതിര്‍ വശത്തു നിന്നും വരികയായിരുന്ന മെഴ്‌സിഡീസ് ബെന്‍സിന്റെ എസ് എല്‍55 റോഡ്‌സ്റ്ററിലേക്കു പാഞ്ഞു കയറി അപകടം സംഭവിച്ചു. എതിരേ വന്ന മെഴ്‌സിഡീസ് ബെന്‍സ് വാഹനവും ടെസ്റ്റ് ഡ്രൈവിലായിരുന്നു. ഇത് ഒരു പുരുഷനാണ് ഓടിച്ചിരുന്നത്.

അപകടത്തില്‍ ജിടി 63 എസ് ഇയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എസ് എല്‍ 55 റോഡ്‌സ്റ്ററിന്റെ മുന്‍ ചക്രം കൂട്ടിയിടിയെ തുടര്‍ന്ന് പുറത്തേക്കു വന്ന നിലയിലാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വനിതാ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘അപകടത്തില്‍ പെട്ട കാറുകള്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ‘ ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ അറിയിച്ചു.

Two Mercedes-Benz cars collided during a test drive

admin:
Related Post