18 വയസിനു താഴെയുള്ളവരുടെ കൊവിഡ് ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് ചികിത്സയ്ക്ക് മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കുട്ടികളില്‍ ഒഴിവാക്കണമെന്നും സി ടി സ്കാന്‍ പോലുള്ള രോഗനിര്‍ണയ ഉപാധികള്‍ പരമാവധി കുറച്ചും യുക്തിസഹമായും ഉപയോഗിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഒഫ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
റെംഡെസിവിര്‍ പോലുള്ള സ്റ്റിറോയിഡുകള്‍ കടുത്ത രോഗികളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നല്‍കാവൂ എന്നും സ്റ്റിറോയിഡുകളുടെ കാര്യത്തില്‍ സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പറയുന്നു.അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടന്ന് ഡി ജി എച്ച് എസ്.
റെംഡെസിവിര്‍ അടിയന്തിര ആവശ്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണെന്നും 18 വയസില്‍ താഴെയുള്ളവരില്‍ ഈ മരുന്നിന്‍്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളില്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും തന്നെ നിര്‍ദ്ദേശിക്കുന്നില്ല. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങി പൊതുവേയുള്ള കൊവിഡ് പ്രോട്ടോക്കോളുകളും ആരോഗ്യകരമായ ആഹാര രീതികളും ആണ് 18 വയസില്‍ താഴെയുള്ള ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
English Summary: Treatment guidelines for children have been released