ഇനി മുതൽ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം

തിരുവനന്തപുരം:- ഇന്നുമുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും.പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.കോവിഡ് ലോക്ക്ഡൗണിന് മുമ്പ് ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അത് പുനഃസ്ഥാപിക്കുകയാണ് റെയിൽവേ ഇപ്പോൾ ചെയ്തിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്കരിച്ചിരുന്നു.പൂജ, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് അടുത്തഘട്ടത്തിൽ പ്രത്യേക  ട്രെയിൻ അനുവദിക്കുമ്പോൾ കേരളത്തിന് പത്തെണ്ണമെങ്കിലും ലഭിക്കും. റെയിൽവേ ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് ദക്ഷിണ റെയിൽവേ സമർപ്പിച്ച നിർദേശങ്ങൾ മാറ്റമില്ലാതെ അംഗീകരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കോവിഡിനുമുമ്പ് സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്നവയാണ് ഈ ട്രെയിനുകളെല്ലാം.കൂടുതലും ബിഹാർ, ബംഗാൾ, ഗുജറാത്ത് മേഖലകളിലേക്കാണ്. ഉത്സവകാലം കഴിഞ്ഞാലും ഇവയിൽ ചിലത് തുടർന്നേക്കാം. പുതിയ തീവണ്ടികളിലെല്ലാം പാഴ്സൽ സൗകര്യവും ഉണ്ടാവും.200 പ്രത്യേക തീവണ്ടികൾ തുടങ്ങാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണൽ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇവയിൽ 39 എണ്ണത്തിന് കഴിഞ്ഞദിവസം അനുമതി നൽകി.കേരളത്തിനുള്ളിൽ മാത്രമായി സർവീസ് നടത്തുന്ന മാവേലി, മലബാർ, അമൃത എക്സ്‌പ്രസുകളും പാസഞ്ചറുകളും എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല.കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച് എല്ലാ തീവണ്ടി സർവീസും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പുനരാരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് ദക്ഷിണറെയിൽവേ കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

admin:
Related Post