ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചത്. നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മേഖലയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞു പോവാന്‍ പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. എന്‍ഡിആര്‍ഫ് എസ്ഡിആര്‍എഫ് മറ്റ് രക്ഷാ പ്രവര്‍ത്തന സംഘങ്ങളോടെല്ലാം തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചമോലി ജില്ലയിലെ മലയിടിച്ചിലിനെത്തുടര്‍ന്ന് അളകനന്ദ ദൗലിഗംഗ നദിയിലെ ജലനിരപ്പുയര്‍ന്നിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേഖലയിലെ ജലവൈദ്യുത നിലയങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. അഞ്ച് പാലങ്ങളും ഒലിച്ചു പോയിരുന്നു. 200 പേരെയാണ് ദുരന്തത്തില്‍ കാണാതായത്. ഇതില്‍ 32 പേരുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. തപോവാനിലെ നിര്‍മ്മാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തില്‍ 30 ഓളം പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ഇവിടെ മൂന്ന് ദിവസമായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇതാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
English Summary : The water level in Rishiganga has risen and rescue operations in Uttarakhand have been halted