ഇത് പഞ്ചവടി പാലത്തെ വെല്ലുന്ന കഥ; 12 കോടിക്ക് നിർമ്മിച്ച മേൽപാലം ദാ കിടക്കുന്നു; സിനിമയെ വെല്ലുന്ന രം​ഗം

പട്ന: ബീഹാറിലെ അരാരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ പൊളിഞ്ഞു വീണു. ബക്ര നദിക്ക് മുകളിലെ കോൺക്രീറ്റ് പാലമാണ് തകർന്നത്. അരാരിയയിലെ കുർസകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനാണ് ഈ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനം ചെയ്യും മുൻപേയാണ് തകർന്നത്.

പാലം തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നദിക്ക് മുകളിലൂടെ പാലം ഒരു വശത്തേക്ക് ചരിഞ്ഞതായി ദൃശ്യങ്ങളിൽ കാണാം. നദി തീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ആണ് വീഡിയോ എടുത്തത്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തകർന്ന ഭാഗം പ്രധാനമായും നദിക്ക് മുകളിലൂടെ നിർമ്മിച്ചതാണ്.നിർമാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും പാലം തകർന്ന സംവത്തെക്കുറിച്ച് ഭരണസംവിധാനം അന്വേഷണം നടത്തണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും സിക്തി എം എൽ എ വിജയ് കുമാർ എ എൻ ഐയോട് പറഞ്ഞു. തകർന്ന ഭാഗം നിമിഷങ്ങൾക്കകം ഒലിച്ചുപോയി, ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വർഷം മാർച്ചിൽ ബീഹാറിലെ സുപോളിലും സമാനമായ സംഭവം ഉണ്ടായി, നിർമ്മാണത്തിലിരുന്ന പാലം തകർന്നിരുന്നു. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു. മാരീചയ്ക്ക് സമീപമുള്ള പ്രദേശം താറുമാറായി, കുടുങ്ങിക്കിടക്കുന്നവരെ പ്രാദേശിക അധികാരികളും സന്നദ്ധപ്രവർത്തകരും എത്തിയാണ് രക്ഷപ്പെടുത്തിയത്.

admin:
Related Post