ദുബായ്: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം ഏഴിനാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനങ്ങളും നാവിക സേനാ കപ്പലുകളും പ്രയോജനപ്പെടുത്തിയാണ് മടക്കയാത്ര ഒരുക്കുക. യാത്രയുടെ ചിലവ് പ്രവാസികള്‍ വഹിക്കേണ്ടി വരുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്ര്യൂറോ പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും അതാതു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. യാത്രക്ക് മുന്‍പ് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആരോഗ്യപരിശോധനക്ക് വിധേയരാക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കുക. യാത്രയിലും ജനങ്ങള്‍ നിരവധി ചട്ടങ്ങള്‍ പാലിക്കേണ്ടി വരും.
സംസ്ഥാന സര്‍ക്കാറുകളോട് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.