അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില.എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തില്‍നിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി കുറച്ചിരുന്നു.ഇതേത്തുടര്‍ന്ന് വന്‍ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജന്‍സികളും വില്‍പ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വില്‍ക്കാന്‍ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരില്‍നിന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു.ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റിന്റെ വില്‍പ്പന ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാല്‍ പൗര്‍ണമി ലോട്ടറി പൂര്‍ണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. ഇവ വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകള്‍ വില്പനയ്‌ക്കെത്തിക്കുക.ഭാഗ്യമിത്ര BM എന്നു പേരിട്ടിരിക്കുന്ന ലോട്ടറിയുടെ സമ്മാന ഘടന സര്‍ക്കാര്‍ വിഞ്ജാപനമായി രണ്ടു ദിവസത്തിനകം പുറത്തിറക്കും. അടുത്തമാസം പത്തോടെ വിപണിയിലിറക്കുന്ന ഭാഗ്യമിത്ര ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനാണ് ആലോചന.
English Summary : The new lottery ticket of the Kerala State Lottery Department Bhagya Mithra lottery is coming