കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

കൊച്ചി:സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോടതി മുറിക്കുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കിയായിരിക്കും പ്രവര്‍ത്തനം. കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.
ഹൈക്കോടതി മുറിക്കുള്ളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ ആറു അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം. എട്ട് കോടതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ പരിഗണിക്കും.
ഹൈക്കോടതിയിലേക്ക് പ്രവേശനം മൂന്നു ഗേറ്റുകളില്‍ കൂടി മാത്രമായിരിക്കും. പൊതു ജനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കേസുകള്‍ പരിഗണിക്കുന്ന സമയത്തല്ലാതെ അഭിഭാഷകര്‍ കോടതിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

പുതുതായി ഫയല്‍ ചെയ്യുന്ന കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ്് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. കീഴ്ക്കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി. സാമൂഹിക അകലം പാലിച്ചായിരിക്കും കീഴ്‌ക്കോടതികളുടെയും പ്രവര്‍ത്തനം.

ജഡ്ജി ഉള്‍പ്പെടെ 10 പേര്‍ മാത്രമേ ഒരു സമയം കോടതിയില്‍ ഉണ്ടാകാവു. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളില്‍ പ്രവേശനം. കോടതി മുറിക്കു പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ വ്യക്തികള്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്.

അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലോക്ക് ഡൗണ്‍ മൂലം ആര്‍ക്കെങ്കിലും കോടതിയില്‍ എത്താന്‍ കഴിയാതെ പോയാല്‍ അവര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ റെഡ് സോണിലും ഹോട്ട്് സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.

English Summary: The function of the High Courts in the state will resume from Monday

admin:
Related Post