സുശാന്തിന്റെ മരണം; കരണ്‍ ജോഹറിനും സല്‍മാന്‍ ഖാനുമെതിരെ കേസ്

യുവ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. എന്നാലിപ്പോള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ രംഗത്ത് എത്തിയിരിക്കുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കരണ്‍ ജോഹറിനും സല്‍മാന്‍ ഖാനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.  സെക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ സുധീര്‍ കുമാര്‍ ഓജ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് എഎന്‍ഐയിലെ വാര്‍ത്ത.

സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാന്‍ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീര്‍ പറയുന്നു. മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകന്‍ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും പറഞ്ഞിരുന്നു.

English Summary : Sushant’s death And for Karan Johar
Case against Salman Khan

admin:
Related Post