സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നു

മാധവിക്കുട്ടിക്ക് പിന്നാലെ കവയിത്രി സുഗതകുമാരിയുടെ ജീവിതത്തിലെ ഒരേടും സിനിമയാകുന്നു.സുഗതകുമാരിയുടെ അനുഭവകഥകളെയും ‘പട്ടുപാവാട’ എന്ന കവിതയെയും അടിസ്ഥാനമാക്കി ഡോ. സുരേഷ് മണിമല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവിഴമല്ലി. സുഗതകുമാരിയെ പ്രതിനിധാനം ചെയ്യുന്ന പാർവതിടീച്ചർ എന്ന കഥാപാത്രമായി ആശാ ശരത് വെള്ളിത്തിരയിലെത്തുന്നു. അനാഥത്വത്തിന്റെയും ജീവിതപ്രതിസന്ധികളുടെയും നടുവിൽപ്പെട്ടുപോയ ഏതാനും ബാല്യങ്ങളുടെ ഹൃദയസ്പർശിയായ കഥകളും ഇഴചേർന്നു നിൽക്കുന്ന മുഹൂർത്തങ്ങളും പകർത്തുന്ന ഈ ചിത്രം സമൂഹമനസാക്ഷിയുടെ നേർക്കു പിടിച്ച വാചാലമായ ഒരു കണ്ണാടിയാണ്. ടീച്ചറുടെ കാവ്യലോകത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിർവഹിക്കുന്നു. സുഗതകുമാരിയുടെ കവിതകൾക്കും ലക്ഷ്മീദേവിയുടെ ഗാനങ്ങൾക്കും ഡോ. സുരേഷ് മണിമല ഈണം നൽകുന്നു.

ഏപ്രിൽ അവസാനവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ‘പവിഴമല്ലി’യുടെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. പുലരി ക്രിയേഷൻസിന്റെയും വീ ഹിയർ യൂ ഇൻഡ്യാ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സഹൃദയരുടെ ഒരു വലിയ സംഘമാണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിനു പിന്നിൽ. സനിൽകുമാർ കെ. നായരും സജീവ് കരുണാകരനും നേതൃത്വം നൽകുന്ന ഈ സംരഭത്തിൽ നിന്നുമുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവയ്ക്കുന്നതാണ്.
admin:
Related Post