യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. സിബിഐയ്ക്ക് കേസ് കൈമാറേണ്ട ആവശ്യമില്ല എന്ന സർക്കാരിന്റെ വാദത്തിനാണ് ഇതോടെ തിരിച്ചടിയായത്.
കോടതി നിർദ്ദേശിച്ചാൽ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഈ ഒരു വിധിന്യായം കൊണ്ടെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യമുണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെയാണ് കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
സിബിഐ അന്വേഷണം സർക്കാർ എതിർത്തത് സത്യം പുറത്തുവരുമെന്നെ പേടികൊണ്ടാണെന്നും അധികാരംകൊണ്ട് അന്വേഷണം അട്ടിമറിക്കാൻ സാധിക്കില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.