കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ജസ്റ്റീസ് ബി.കെമാൽപാഷ സർക്കാരിനെതിരേ രൂക്ഷ പരാമർശങ്ങൾ നടത്തിയത്. ശുഹൈബിന്റെ കേസിൽ പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു.
കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ കണ്ടെടുക്കാൻ പോലീസ് ശ്രമിക്കാതിരുന്നതുതന്നെ സംശയമുണ്ടാക്കുന്നുണ്ടെന്നും കേസിന് പിന്നിലുള്ള എല്ലാവരും കൈകഴുകിയെന്നും നിരീക്ഷിച്ചു.
എന്നാൽ, വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുൻപും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഒരാഴ്ചത്തെ സാവകാശം തേടി.