കാസര്‍കോട് ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

മരിച്ചവരില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും 11 പേര്‍ക്ക് ഗുരുതരപരിക്ക് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി  മുഖ്യമന്ത്രി അനുശോചിച്ചു കാഞ്ഞങ്ങാട് സബ്കളക്ടര്‍ അന്വേഷിക്കും

കാസര്‍കോട്:  പാണത്തൂരില്‍ കര്‍ണാടകത്തില്‍ നിന്നുള്ള വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് വീടിന് മുകളിലേയ്ക്ക്. മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പരിക്കേറ്റ 49 പേരില്‍ 11 പേരുടെ നില ഗുരുതരമാണ്.  56 പേരാണ് ബസിലുണ്ടായിരുന്നത്. അര്‍ദ്ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13),പുത്തൂര്‍ സ്വദേശി ആദര്‍ശ്(14) സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഈശ്വരി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50)  എന്നിവരാണ് മരിച്ചത്. ആറ് പേര്‍ അപകടസ്ഥലത്തും ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയിലുമാണ് മരിച്ചത്.
പാണത്തൂര്‍- സുള്ള്യ റോഡില്‍ പരിയാരത്ത് ഞായറാഴ്ച ഉച്ചയോടെയാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. ബസ് മറിഞ്ഞ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.
സുള്ള്യയില്‍ നിന്നും പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിന് താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് ബസ് മറിഞ്ഞത്.
ബസപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചു.റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡപ്യൂട്ടി ഡി.എം.ഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡി.എം.ഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തിര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

English Summary : Seven killed as Kasargod bus overturns

admin:
Related Post