പ്രിയ സംവിധായകൻ സച്ചിക്ക് വിട …

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം രവിപുരം ശമ്ശാനത്തില്‍ സംസ്‌കരിച്ചു. കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച പ്രിയ കലാകാരന് വിവിധ മേഖലകളില്‍ നിന്നുള്ള നൂറ് കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.രാവിലെ ഒന്‍പതേ കാലോടെയാണ് സച്ചിയുടെ മൃതദേഹം തൃശ്ശൂരില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളില്‍  പത്തരവരെ പൊതുദര്‍ശനത്തിന് വച്ചു.

എറണാകുളം ലോ കോളജിലെ നിയമ പഠനത്തിന്  ശേഷം സിനിമയില്‍ എത്തുന്നതിന് മുമ്പ് പത്ത് വര്‍ഷത്തോളം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കളും ഹൈക്കോടതിയിലെ ജഡ്ജിമാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സച്ചിയുടെ സഹോദരങ്ങളും ഇവിടെയുണ്ടായിരുന്നു. മുകേഷ്,  ലാല്‍,  സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരടക്കം സിനിമ രംഗത്ത് നിന്നുള്ളവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മന്ത്രി വി എസ് സുനില്‍ കുമാര്‍ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ സച്ചി- സേതു കൂട്ടുകെട്ടിലെ സേതു പഴയ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി.

കലയും കച്ചവടവും ഒരുമിച്ച ഒരു പിടി സിനിമ അനുഭവങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയാണ് സച്ചിയുടെ വിടപറച്ചില്‍. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തില്‍, തിരക്കഥാകൃത്ത് പങ്കാളിയില്‍ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും,സംവിധായകനായും മലയാളസിനിമയില്‍ ഇടം കണ്ടെത്തിയ ആളാണ് സച്ചി.

English summary : Sachi’s body buried in Ravipuram Cemetery

admin:
Related Post