സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. നേരത്തെ ആർടിപിസിആർ ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്‌സ്‌പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 1500 രൂപ, ആർ.ടി. ലാംപ് 1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് 300 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ നിരക്കുകൾ.
എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാർജകളും ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
English Summary : RTPCR test rate updated in private labs in the state