പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’ ടീമിന് പിന്തുണയറിച്ച് നടി റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്നും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നും റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ ഭേദഗതി എന്‍ആര്‍സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ വ്യക്തമാക്കിയിരുന്നു.
അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിരുന്നു. പുരസ്‌ക്കാര വിതരണ ചടങ്ങ് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത്.