പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഭക്ഷ്യവസ്തുക്കളും അവശ്യമരുന്നുകളും എത്തിച്ചു


കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്താന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി.) അഞ്ചു ദിവസത്തിനിടെ അഞ്ചാമതു യോഗം ചേര്‍ന്നു. ക്യാബിനറ്റ് സെക്രട്ടറി ശ്രീ. പി.കെ.സിന്‍ഹയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കേരളാ ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്തു. മഴ കുറഞ്ഞുവെന്നും വെള്ളം താഴ്ന്നുതുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

ഉപഭോക്തൃസേവന മന്ത്രാലയം ഇന്ന് 100 മെട്രിക് ടണ്‍ ധാന്യങ്ങള്‍ അയച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം 52 മെട്രിക് ടണ്‍ അവശ്യമരുന്നുകള്‍ വിമാനമാര്‍ഗം അയച്ചു. ഇന്നു രാത്രിയോടെ 20 മെട്രിക് ടണ്‍ മരുന്നുകൂടി എത്തിക്കും. നാളെ 20 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡറും ഒരു കോടി ക്ലോറിന്‍ ഗുളികകളും ലഭ്യമാക്കും. 12 വൈദ്യസംഘങ്ങളെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. ഇതുവരെ പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നതിനായി ഊര്‍ജമന്ത്രാലയം വൈദ്യുതോപകരണങ്ങളായ ഇലക്ട്രിസിറ്റി മീറ്ററുകള്‍, കോയിലുകള്‍, ട്രാന്‍സ്‌ഫോമറുകള്‍ തുടങ്ങിയവ എത്തിക്കുന്നുണ്ട്. ഊര്‍ജോല്‍പാദനം 2600 മെഗാവാട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതിക്ഷാമം പ്രതീക്ഷിക്കുന്നില്ല. സംസ്ഥാനത്ത് ആകെയുള്ള 85,000 ടവറുകളില്‍ 77,000 എണ്ണവും പ്രവര്‍ത്തനക്ഷമമാക്കാന്‍ ടെലികോം വകുപ്പിനു സാധിച്ചു. 1407 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 13 എണ്ണം ഒഴികെയുള്ളവ പ്രവര്‍ത്തിച്ചുതുടങ്ങി. കാണാതായവരെ കണ്ടെത്തുന്നതിനു സഹായിക്കുന്നതിനായി 1948 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ടെലികോം മന്ത്രാലയം നടപ്പാക്കിയിരുന്നു.

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കി. പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമായത്ര വിമാന ഇന്ധനം എത്തിച്ചിട്ടുമുണ്ട്.

450 മെട്രിക് ടണ്‍ കാലിത്തീറ്റയും മൃഗങ്ങള്‍ക്കുള്ള രണ്ടു ലോഡ് മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യത്തിനു വെള്ളവും മറ്റു വസ്തുക്കളും ചരക്കുകൂലി ഈടാക്കാതെ എത്തിക്കാമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം ആവശ്യമായത്ര പാലും പാല്‍പ്പൊടിയും ലഭ്യമാക്കി.

കേന്ദ്ര ആരോഗ്യ, ടെലികോം, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ഊര്‍ജ, പെട്രോളിയം-പ്രകൃതിവാതക വകുപ്പു സെക്രട്ടറിമാരും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെയും ദേശീയ ദുരിതാശ്വാസ അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

admin:
Related Post