വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണത്തിലൂടെ 15 കോടി രൂപ ലാഭം നേടി ചരിത്രം സൃഷ്ടിക്കുകയാണ് സംസ്ഥാന പൊതുമരാമത്തുവകുപ്പ്. കോവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികൾക്കിടയിലും ഇച്ഛാശക്തിയോടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പൊതുമരാമത്തുവകുപ്പിനായി. ദീർഘവീക്ഷണത്തോടെയുള്ള കൃത്യമായ ആസൂത്രണവും എൻജിനിയറിങ് മികവും കൈകോർത്തപ്പോൾ ഗതാഗതക്കുരുക്കഴിക്കാൻ പ്രാപ്തമായ കരുത്തുറ്റ രണ്ട് മേൽപ്പാലങ്ങളാണ് കൊച്ചിയിൽ ഉയർന്നത്.
വൈറ്റില മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 85.90 കോടിയായിരുന്നു. ഈ തുകയേക്കാൾ 6.73 കോടിരൂപ കുറവിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി. 78.36 കോടിയാണ് നിർമാണച്ചെലവ്. 2017 ആഗസ്ത് 31ൽ സാങ്കേതിക അനുമതി ലഭിച്ച പാലത്തിന്റെ നിർമാണത്തിനായി സെപ്തംബറിൽ ടെൻഡർ ക്ഷണിച്ചു. 2017 നവംബറിൽ ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനിക്ക് നിർമാണ കരാർ നൽകി. ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനി ഉപകരാർ നൽകിയ രാഹുൽ കൺസ്ട്രക്‌ഷൻസിനായിരുന്നു നിർമാണ ചുമതല. 2017 ഡിസംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. അതേദിവസംതന്നെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.
കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2018 മാർച്ച് 26ന്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ, 74.45 കോടി രൂപയ്‌ക്കാണ് മേരി മാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്‌ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനായിരുന്നു നിർമാണച്ചുമതല. മേൽനോട്ട ചുമതല പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ് പൂർത്തിയാക്കിയത്.
English Summary: Public Works Department caught; Vyttila and Kundannur saved Rs 15 crore