തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയെ ദേശീയതലത്തിൽ എത്തിച്ച തിരുവനന്തപുരത്തിന്റെ സ്വന്തം സംവിധായകനാണ് പ്രിയദർശനെന്ന് നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രേം നസീർ സുഹൃത് സമിതിയുടെ പുരസ്കാരം സംവിധായകൻ പ്രിയദർശനു നൽകി സംസാരിക്കുകയായിരുന്നു മേയർ ആര്യ. കൈകൊണ്ടു തൊട്ട സിനിമകളെല്ലാം വൻ വിജയമായിരുന്നു. ചരിത്രമായിരുന്ന കാലാപാനിയും ഇപ്പോൾ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങൾ പൂർത്തീകരിച്ചു നാട്ടിൽ മടങ്ങി എത്തിയ പ്രിയദർശന്റെ വീട്ടിലായിരുന്നു ഇന്നലെ രാവിലെ ചടങ്ങ് നടന്നത്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം പ്രിയദർശൻ പോയെങ്കിലും ഇപ്പോഴും തിരുവനന്തപുരത്തിന്റെ സ്വന്തം സംവിധായകനാണ്. തിരുവനന്തപുരം നഗര വികസനത്തിന് വേണ്ടിയും വൃത്തിയാക്കുന്നതിനും തിരുവനന്തപുരം നഗരസഭ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾക്ക് ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ മേയർക്ക് പൂർണ്ണ പിന്തുണ നൽകി. പ്രേം നസീർ പുരസ്കാരം മേയർ ആര്യയുടെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ ഒരു മക്കളുടെ കയ്യിൽ നിന്നും അച്ഛൻ ഏറ്റുവാങ്ങുന്ന പുരസ്കാരമാണിതെന്ന് പ്രിയദർശൻ പറഞ്ഞു. ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ കോർഡിനേറ്റർ എം.മുഹമ്മദ് മാഹീൻ, ചലച്ചിത്രാസ്വാദന സംഘം കൺവീനർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
English Summary : Priyadarshan Thiruvananthapuram’s own director: Mayor