കോട്ടയം: പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന്റെ പാർട്ടി കേരള ജനപക്ഷം യുഡിഎഫ് മുന്നണിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു. നിലവിൽ ജോർജും കൂട്ടരും ഒരു മുന്നണിയുടെയും ഭാഗമല്ലാതെയാണ് നിൽക്കുന്നത്.യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ജോർജ് തന്നെയാണ് വ്യക്തമാക്കിയത്. കേരള ജനപക്ഷം പ്രവർത്തകർ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ താൻ മത്സരിക്കും. അതാണ് ആഗ്രഹം. പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈരാറ്റുപേട്ടയിലാണ് താൻ ജനിച്ചു വളർന്നത്. പാലായും കാഞ്ഞരപ്പള്ളിയും തനിക്ക് വിജയിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും അഭിപ്രായം. ചിലർ എൽഡിഎഫിനൊപ്പം നിൽക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.യുഡിഎഫ് മുന്നണിയുമായി ഒരു മേശയ്ക്കുചുറ്റും ഇരുന്ന് ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ജോർജ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എല്ലാവരും പറഞ്ഞു തങ്ങൾ എൽഡിഎഫ് മുന്നണിയിലാണെന്ന്. എന്നാൽ അവസാന നിമിഷം എൽഡിഎഫിലും ഇല്ല യുഡിഎഫിലും എൻഡിഎയിലും ഇല്ല എന്ന സ്ഥിതിയായി. ഇതോടെയാണ് താൻ സ്വതന്ത്രനായി മത്സരിച്ചത്. തനിക്കെതിരെ മത്സരിച്ച പലർക്കും കെട്ടിവച്ച കാശ് പോലും ലഭിച്ചില്ലെന്ന് ജോർജ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ഇതിനോടകം പാർട്ടി തീരുമാനിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതോടെ ചില സ്ഥാനാർഥികളെ പിൻവലിക്കാൻ പാർട്ടി തയാറാകുമെന്നും ജോർജ് വ്യക്തമാക്കി.
English :Poonjar MLA APC George’s party Getting ready to be a part of UDF