ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന പിന്നണി ഗായകന്‍ കെ.ജെ.യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റ സംഗീതമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതം ഏറ്റെടുക്കാന്‍ കാരണമിതാണ്.
ഇന്ത്യന്‍ സംസ്‌കാരത്തിന് വിലപപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയതെന്നും മോദി കുറിച്ചു. അറുപതു വര്‍ഷം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസിന്റെ ശബ്ദത്തില്‍ നമ്മള്‍ കേട്ടത്. മലയാളിയുടെ എല്ലാ ജീവിതഘട്ടത്തിലും ഈ ശബ്ദം നമ്മുടെ കൂടെയുണ്ടായിരുന്നു. 1961 നവംബര്‍ 14ന് ‘കാല്‍പാടുകള്‍’ എന്ന സിനിമയ്ക്കായി ജാതിഭേദം മതദ്വേഷം എന്ന കീര്‍ത്തനം പാടി ചലച്ചിത്ര പിന്നണി രംഗത്തു തുടക്കം കുറിച്ച യേശുദാസിന്റെ സ്വരരാഗ ഗംഗാ പ്രവാഹം ഇപ്പോഴും തുടരുകയാണ്.