ന്യൂഡല്‍ഹി: വാട്ടസാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കമ്പനിക്ക് നോട്ടീസ് അയച്ചു. കമ്പനിയുടെ മൂലധനത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യത എന്നു നിരീക്ഷിച്ച കോടതി സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമാണെന്നും പറഞ്ഞു. വാട്ട്സാപ്പിന്റെ പുതിയ സ്വാകാര്യതാ നയത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചില രാജ്യങ്ങളില്‍ അവരുടെ സൈബര്‍ നിയമങ്ങളുടെ ലംഘനമാണ് വാട്ട്‌സാപ്പിന്റെ പുതിയ നയം എന്നാരോപിച്ച് നിയമം നടപ്പാക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിയമം നടപ്പാക്കുമെന്നായിരുന്നു കമ്പനിയുടെ പക്ഷം.
പ്രതിഷേധങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നതോടെ നയത്തല്‍ വ്യക്തതവരുത്തി വാട്ട്സാപ്പും രംഗത്തുവന്നിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന്് ആവര്‍ത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളിലെ വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുകയെന്ന് വ്യക്തമാക്കി. എന്നാല്‍ ഉപഭോക്താവ് ആരോടെക്കെ സംസാരിക്കുന്നു, ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍, പങ്കുവെക്കുന്ന ലൊക്കേഷന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കില്ലെന്നും കമ്പനി വ്യക്തമാക്കി
English Summary : Petition seeks repeal of the new policy; Supreme Court sends notice to WhatsApp