കൊച്ചി: ലോക്‌സഭയിലും നിയമസഭയിലും ഒട്ടേറെ തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയും പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.
ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്ന് പി.സി ചാക്കോ ആരോപിച്ചു. 14 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാക്കി മാറ്റിയെന്നും ആ കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കോണ്‍ഗ്രസ്സ് നടപടിക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മറ്റിയില്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് വെക്കണം. ഓരോസീറ്റുകളെ കുറിച്ച് ചര്‍ച്ച നടത്തി പാനല്‍ സ്‌ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെന്‍ട്രല്‍ എലക്ഷന്‍ കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല, പിസി ചാക്കോ പറഞ്ഞു.
പ്രാഥമികമായി ചെയ്യേണ്ടത് കേരളത്തിലെ ഇലക്ഷന്‍ കമ്മറ്റിയില്‍ സ്ഥാനാര്‍ഥികളടങ്ങുന്ന പാനല്‍ സമര്‍പ്പിക്കേണ്ടതാണ്. അത് ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസ്സുകളില്‍ മാത്രമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
‘പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ മനസ്സില്‍ മാത്രമാണ്. അതല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണ്. ഒറ്റ നിയോജകമണ്ഡലത്തില്‍ പോലും ആരുടെ പേരാണ് നിര്‍ദേശിക്കുന്നതെന്ന് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റി അറിഞ്ഞിട്ടില്ല. കുറേ പേരുകള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്നിട്ടുണ്ടാവും. അത് മാത്രമാണ് സ്‌ക്രീനിങ് കമ്മറ്റി സ്‌ക്രീന്‍ ചെയ്തത്.’ കോണ്‍ഗ്രസ്സിന്റെ അപചയമാണിത് കാണിക്കുന്നതെന്നും പിസി ചാക്കോ ആരോപിച്ചു.
‘എഐസിസി, ഡിസിസി, കെപിസിസി ബ്ലോക്ക് മണ്ഡലം വരെയുള്ള ഭാരവാഹി നിര്‍ണ്ണയം ഗ്രൂപ്പ് നേതാക്കന്‍മാര്‍ വീതംവെക്കുകയാണ്. ഐക്ക് എട്ട് എയ്ക്ക് 9 എന്ന വീതം വെക്കല്‍ ഏര്‍പ്പാടല്ലാതെ മെറിറ്റ് പരിഗണനയിലില്ല. ജയസാധ്യത പരിഗണിക്കുന്നില്ല. എയുടെ സീറ്റ് എയും ഐയുടെ സീറ്റ് ഐയും തീരുമാനിക്കുന്നു. കേന്ദ്രകമ്മറ്റിയിലെത്തുമ്പോഴും എയ്ക്കു വേണ്ടി എയും ഐയ്ക്കു വേണ്ടി ഐയും പ്രവര്‍ത്തിക്കുകയാണ്’. ഹൈക്കമാന്‍ഡ് പോലും ഈ ഗ്രൂപ്പ് പ്രവണതയെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
‘വി എം സുധീരന്‍ ഏറ്റവും എഫക്ടീവായി പ്രവര്‍ത്തിച്ച പ്രസിഡന്റാണ്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അതിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും സംരക്ഷണവുമുണ്ട്. അതിനാലാണ് രാജിവെക്കുന്നത്.
കോണ്‍ഗ്രസ്സുകാരനായിരിക്കുക എന്നത് കേരളത്തില്‍ അസാധ്യമാണ്. കേരളത്തില്‍ ഗ്രൂപ്പുകാരനായിരിക്കാന്‍ മാത്രമേ കഴിയൂ. രണ്ടായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് ഇന്ന് കോണ്‍ഗ്രസ്സ്. അതിനാല്‍ ഇതുമായി യോജിച്ചു പോവാന്‍ സാധ്യമല്ല. അതിനാലാണ് കോണ്‍ഗ്രസ്സിനോട് വിടപറയുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.
English Summary : PC Chacko left Congress