കൊച്ചി: പാറ്റൂർ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ്സെക്രട്ടറിയായിരുന്ന ഇ.കെ.ഭരത്‌ഭൂഷണും പ്രതികളായ കേസിലെ എഫ്ഐആർ,ഭരത് ഭൂഷൻ നൽകിയ ഹർജി പരിഗണിക്കവേ ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം നഗര മധ്യത്തിലെ പാറ്റൂരിൽ 12 സെന്‍റ് സർക്കാർഭൂമി സ്വാകാര്യ ഫ്ളാറ്റ് നിർമാതാക്കൾ കൈവശപ്പെടുത്തുന്നതിന് ഒത്താശ ചെയ്തു എന്നായിരുന്നു കേസ്. ജല അതോറിറ്റി മുൻഎക്സിക്യൂട്ടിവ് എൻജിനിയർമാരായ എസ്.മധു ആർ.സോമശേഖരൻ, എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികൾ.
ഹൈക്കോടതി നടപടിയോടെ കേസിലെ വിജിലന്‍സ് അന്വേഷണം ഇല്ലാതായി. കേസിൽ അന്വേഷണം നടത്തിയ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം നടത്തുകയും പാറ്റൂരിലെ ഭൂപതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ജേക്കബ് തോമസിന്‍റെ തെറ്റായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഇ.കെ.ഭരത്‌ഭൂഷൺ പ്രതികരിച്ചു. കേസ് പഠിച്ചതിനു ശേഷം മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കും എന്ന് മന്ത്രി ഇ കെ ബാലൻ പറഞ്ഞു.