വിമാനത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും

ന്യൂഡല്‍ഹി: മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.). തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക്‌ശേഷവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നവരെ ‘നിയന്ത്രിക്കാനാകാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.

വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നതു മുതല്‍ ലക്ഷ്യസ്ഥാനത്തെത്തി പുറത്തുപോകുന്നതു വരെ അവശ്യ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാതെ ചില യാത്രക്കാര്‍ വിമാനയാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാര്‍ച്ച് 13-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡി.ജി.സി.എ. പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് വിമാനയാത്രയ്ക്കിടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള ഡി.ജി.സി.എയുടെ നിര്‍ദ്ദേശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.

ഡി.ജി.സി.എ. പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍:

വിമാനയാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അസാധാരണ സാഹചര്യത്തില്‍ അല്ലാതെ മാസ്‌ക് മൂക്കിന് താഴേക്ക് മാറ്റരുത്.

മാസ്‌ക് ധരിക്കാതെ ആരും അകത്തേക്ക് കടക്കുന്നില്ലെന്ന് സി.ഐ.എസ്.എഫും വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം.

വിമാനത്താവള പരിസരത്തും ഇത് ബാധകം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെ നിയമ നടപടിക്ക് വിധേയമാക്കും.

തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ഏതെങ്കിലും യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് കൃത്യമായി ധരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, യാത്ര പുറപ്പെടുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ അവരെ പുറത്താക്കാം. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയും കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ ‘അണ്‍റൂലി പാസഞ്ചറാ’യി കണക്കാക്കാവുന്നതും നടപടികള്‍ കൈക്കൊള്ളാവുന്നതുമാണ്.

English Summary : Passengers who do not wear a mask on board will be expelled

admin:
Related Post