പഹൽഗാം ഭീകരാക്രമണം: 28 പേർ കൊല്ലപ്പെട്ടു, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

modi

ദില്ലി: ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ 10-ലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. കൊല്ലപ്പെട്ടവരിൽ ഒരു നേപ്പാൾ പൗരനും യുഎഇ പൗരത്വമുള്ള ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ശ്രീനഗറിൽ നടക്കും, എന്നാൽ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ രണ്ട് ദിവസം വരെ കാലതാമസം നേരിട്ടേക്കാമെന്ന് അധികൃതർ അറിയിച്ചു.

പഹൽഗാമിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ആരംഭിച്ചു. സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്ന് രാവിലെ ഏഴ് മണിയോടെ ദില്ലിയിലെത്തി. ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിൽ നടന്ന ആദ്യ യോഗത്തിന് ശേഷം, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ സമിതി യോഗം വിളിക്കാൻ സാധ്യതയുണ്ട്. ധനമന്ത്രി നിർമല സീതാരാമനും വിദേശ യാത്ര റദ്ദാക്കി രാജ്യത്തേക്ക് മടങ്ങി. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീരിൽ തുടർന്ന് സുരക്ഷാ നടപടികൾ വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാം സന്ദർശിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തര മന്ത്രിയുമായി സംസാരിക്കുകയും ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

ഭീകരാക്രമണത്തെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചു. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. സൗദി കിരീടാവകാശി അനുശോചനം രേഖപ്പെടുത്തുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ-സൗദി ഉച്ചകോടി ആരംഭിച്ചത്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പോലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നു. പഹൽഗാം, ബൈസരൺ, അനന്ത്‌നാഗ് മേഖലകളിൽ പരിശോധന ശക്തമാക്കി. ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും സുരക്ഷ വർധിപ്പിച്ചു. വിനോദസഞ്ചാര മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു. 2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിലെ ഏറ്റവും മാരകമായ ആക്രമണമാണ് ഇതെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി.

admin:
Related Post