ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടക്കുന്ന റെഡി ടു വെയിറ്റ് സംഘാടകരിലൊരാളായ പദ്മാ പിള്ള ശബരിമല വിഷയത്തിൽ എം സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് വയറലാകുന്നു .
ഫേസ്ബുക് പോസ്റ്റ് വായിക്കാം .
ഉളുപ്പുണ്ടോ ശ്രീ എം സ്വരാജ്?
പച്ചക്കള്ളം ഒരു ചളിപ്പുമില്ലാതെ താങ്കൾ തട്ടിവിടുന്ന ഒരു വീഡിയോ കണ്ടു.
“നടതുറക്കുമ്പോൾ” കന്നി അയ്യപ്പൻ വന്നില്ലെങ്കിൽ മാളികപ്പുറവുമായുള്ള വിവാഹം നടക്കും എന്നാണ് ഉടമ്പടി എന്നും, ഈ കാരണം കൊണ്ട് ആ വിവാഹം ഇക്കഴിഞ്ഞ ചിങ്ങപ്രളയത്തിൽ ഭക്തരെത്താത്തത് കൊണ്ടു നടന്നു കഴിഞ്ഞു എന്നുമൊക്കെ പറയുന്നു.
ശുദ്ധ അസംബന്ധം വിളമ്പുമ്പോളും ഹമ്പട ഞാനെ എന്ന ഭാവം നിലനിർത്തുന്ന ആ അഭിനയപാടവം ഗംഭീരം.
കേട്ടോളൂ..
1. മണ്ഡലകാലത്തു, അതായത് 41 ദിവസം നീണ്ടു നിൽക്കുന്ന നടതുറപ്പു നാളുകളിൽ ഒരൊറ്റ കന്നി അയ്യപ്പൻ പോലും വരാത്ത വർഷം, വിവാഹം കഴിക്കാമെന്നാണ് ഉടമ്പടി.
2. കന്നി അയ്യപ്പന്മാരുടെ വരവിനെ സൂചിപ്പിച്ചു അവർ ശരംകുത്തി ആലിൽ തറയ്ക്കുന്ന അമ്പുകളാണ് അതിനു പ്രമാണമായി കൊടുത്ത അടയാളം.
3. കന്നി ശരങ്ങൾ ഉണ്ടോ എന്ന് നോക്കാൻ മാളികപ്പുറത്തമ്മ എഴുന്നള്ളുന്നത് മകരസംക്രമ ദിവസം, ദീപാരാധന കഴിഞ്ഞാണ്. അതായത്, 41 ആം നാൾ തിരുവാഭരണ ഘോഷയാത്രയ്ക്കു മുൻപേ പേട്ട തുള്ളിയെത്തുന്ന ആലങ്ങാട് അമ്പലപ്പുഴ സംഘങ്ങൾ ശരംകുത്തി കടന്നുപോയി സ്വാമിദര്ശനം കഴിഞ്ഞ ശേഷം, തിരുവാഭരണങ്ങൾ ചാർത്തി ഭഗവാനെയും അമ്മയെയും ദീപാരാധന ചെയ്തു കഴിഞ്ഞ്.
4. പേട്ട സംഘങ്ങളും പന്തളം സ്വാമിമാരും, ഒരു വൃതമെന്നോണം തന്നെ എല്ലാക്കൊല്ലവും കന്നിഅയ്യപ്പന്മാരെ കൊണ്ടു പോകാറുണ്ട് എന്നു താങ്കൾക്കറിയില്ലായിരിക്കാം. ശരംകുത്തി ആലിൽ ഒരു കന്നിശരം പോലുമില്ലാത്ത ഒരു വർഷം ഉണ്ടായിട്ടില്ല, ഇനി അതുണ്ടാവുന്നുവെന്കിൽ.. ഈ ഭൂമിയിലെ അവസാന അയ്യപ്പഭക്തനും മരിച്ചു എന്നു വേണം കരുതാൻ.
സർവാഭരണവിഭൂഷിതയായി വാദ്യവും വെട്ടവും അകമ്പടിയായി ശരംകുത്തിയിലേക്കു അമ്മയുടെ യാത്ര, ശരങ്ങൾ കണ്ടു നിരാശയായി ശോകമൂകമായ മടക്കം. ഇതൊക്കെ ഒരുനാൾ അവിടെച്ചെന്നു കണ്ടു നോക്കൂ. അനുഭവിക്കണം ആ അന്തരീക്ഷം!
മാളികപ്പുറത്തമ്മയുടെ ഹൃദയംനുറുങ്ങുന്ന ദുഖവും, അയ്യപ്പസ്വാമിയുടെ വൃതം നിലനിർത്തിയ കൃതാർത്ഥതയും ഇടകലർന്ന് കണ്ണും മനവും നിറഞ്ഞൊഴുകുന്ന ഭക്തരോട് താങ്കൾ ഇന്ന് ചെയ്യുന്ന ഈ വാക് കസർത്തുകൾക്കു ഉടനെ മറുപടി പറയേണ്ടി വരും.
അതിനു മുൻപേ ഭൂതനാഥൻ അങ്ങേയ്ക്കു സദ്ബുദ്ധി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുക.