പി.കെ ബിജുവിന്റെ വെല്ലുവിളി വിനയായി; കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ.ഡി നോട്ടീസ് ; ഹാജരാകാൻ നിർദേശം

കൊച്ചി: ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ വിട്ട് വേട്ടയാടൽ നടത്തുന്നു എന്ന ആരോപണം കത്തിപ്പടരവേ സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ എം.പിയുമായ പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്. കരുവന്നൂർ സഹകരണ ബാങ്ക് കേസുമാ.യി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുന്നത്.വ്യാഴ്യാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബിജുവിനെ കൂടാതെ സിപിഐഎമ്മിൻ്റെ തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം ആർ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം മുൻ എം.പിക്ക് പങ്കുണ്ടെന്ന് ഇ.ഡിയെ ഉദ്ധരിച്ച വാർത്തകൾ എത്തിയതിന് പിന്നാലെയാണ് പി.കെ ബിജുവിന് നോട്ടീസ് എത്തിയിരിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. കരുവന്നൂർ ബാങ്കിലെ സിപിഐഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് അഞ്ചാം തവണയാണ് എം എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകുന്നത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നേരത്തെ ഇ ഡി നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി പി കെ ബിജുവിന് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഇ.ഡി കണ്ടെത്തൽ എത്തിയിരുന്നു. എന്നാൽ വാർത്ത നിഷേധിക്കുക മാത്രമല്ല. തെളിവുണ്ടെങ്കിൽ കാണിക്കാൻ വെല്ലുവിളി നടത്തിയായിരുന്നു പി.കെ ബിജു രം​ഗത്തെത്തിയത്.

കരുവന്നൂരിൽ സി.പി.എമ്മിന് ബിനാമി അക്കൗണ്ടുകൾ വഴി പണം നിക്ഷേപമുണ്ടെന്നും എന്നാൽ അന്വേഷണത്തെ ഭയന്നതോടെ ഇത് പിൻവലിച്ചെന്നും ഇ.ഡി നി​ഗമനം എത്തിയിരുന്നു. എന്നാൽ പാർട്ടി ഇത് നിഷേധിക്കുക മാത്രമല്ല. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും അടക്കം വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് പി.കെ ബിജുവിലേക്കും നോട്ടീസ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഇ.ഡി അന്വേഷണ പരിധിയിൽ നിൽക്കുന്നതും, അരവിന്ദ് കെജ്രിവാളടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെ ബി.ജെ.പി സർക്കാർ വേട്ടയാടുന്നത് ചൂണ്ടിക്കാട്ടി രാഷ്ട്രീയപരമായി നേരിടാനാണ് സി.പി.എമ്മിന്റേയും പ്രതിപക്ഷ പാർട്ടികളുടേയും ശ്രമം.

English Summary : P K Biju is set to be interrogated by the Enforcement Directorate regarding the Karuvannur bank scam

admin:
Related Post