

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൺ മേഖലയിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. ആക്രമണ സമയത്ത് ബൈസരൺ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലായിരുന്നതെന്തുകൊണ്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, പ്രാദേശിക ടൂർ ഓപ്പറേറ്റർമാരുടെ അനധികൃത നീക്കങ്ങളാണ് വീഴ്ചയ്ക്ക് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി. മലയാളി എൻ. രാമചന്ദ്രൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഈ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ വിശദീകരണം നൽകി. ജൂണിൽ ആരംഭിക്കുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് മുന്നോടിയായി ബൈസരൺ മേഖല ഔദ്യോഗികമായി സന്ദർശകർക്കായി തുറക്കുമെന്നും, അതുവരെ സുരക്ഷാ സംവിധാനങ്ങൾ പൂർണമായി വിന്യസിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. അമർനാഥ് തീർഥാടകർ വിശ്രമിക്കാനെത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബൈസരൺ. തീർഥാടന കാലത്ത് ഇവിടെ സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താറുണ്ട്.
എന്നാൽ, ഏപ്രിൽ 20 മുതൽ പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ അനധികൃതമായി വിനോദസഞ്ചാരികളെ ബൈസരൺ മേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഈ നീക്കത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തിനോ സുരക്ഷാ ഏജൻസികൾക്കോ വിവരം നൽകിയിരുന്നില്ല. ഇതാണ് ആക്രമണ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവത്തിന് കാരണമായതെന്ന് കേന്ദ്രം വിശദീകരിച്ചു.
സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.