ഒട്ടാവ: കാനഡ ജനതയെ ആശങ്കയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം വ്യാപിക്കുന്നു. ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്ന് പേരിട്ട ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രാജ്യത്തെ 48 പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 18നും 85നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചട്ടുള്ളത്. രോഗം തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്.
രോഗബാധയ്ക്കു കാരണമാകുന്നത് എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗത്തിന്റെ കാരണം സംബന്ധിച്ചുള്ള പഠനം നടത്തുന്നതിന് പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃഗങ്ങളില്‍നിന്ന് രോഗം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
എല്ലാവിധ സാധ്യതകളും പരിശോധിച്ചുവരികാണെന്നും വൈകാതെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. എഡ്വേര്‍ഡ് ഹെന്റിക്സ് പറഞ്ഞു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ രോഗപ്രതിരോധം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
English Summary: new brunswick neurological disease