കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന്‍ ആത്മകഥയുടെ ആദ്യ പകര്‍പ്പ് അമിതാഭ് ബച്ചന് കൈമാറി.

കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയും ടി.എസ്. കല്യാണരാമന്‍റെ ജീവിതവും ഒരേസമയം ലളിതവും പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതുമാണെന്ന് ദ ഗോള്‍ഡന്‍ ടച്ചിന്‍റെ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങുന്ന ഏതൊരു സംരംഭകനും കഠിനമായ സാഹചര്യങ്ങളില്‍ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാര്‍ഡ്യവും പകര്‍ന്ന് നല്‍കുന്ന കൈപ്പുസ്തകമാണ് ഈ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ ചെറിയ തുടക്കത്തില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണശൃംഖലയായി വളര്‍ന്നതിന്‍റെ വ്യക്തിഗതമായ വിവരണമാണ് ഈ പുസ്തകത്തില്‍. ഒട്ടേറെ വെല്ലുവിളികളെയും തടസ്സങ്ങളെയും നേരിട്ട്തീവ്രമായ ഉത്കര്‍ഷേച്ഛയോടെ മുന്നോട്ടു നീങ്ങിയതിന്‍റെ കഥകള്‍ ആകര്‍ഷകമായി കല്യാണരാമന്‍ ആത്മകഥയില്‍ വിവരിക്കുന്നു. 

സ്വന്തം തട്ടകമായ തൃശൂരില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളിലൊന്നായി കല്യാണ്‍ ജൂവലേഴ്സിനെ രൂപപ്പെടുത്തിയ കല്യാണരാമന്‍റെ സംരംഭകത്വ യാത്രയുടെ സാരാംശമാണ് ഈ പുസ്തകം. 1908 മുതലുള്ള പരമ്പരാഗത കുടുംബ വ്യാപാരത്തെ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡായി വളര്‍ത്തിയെടുത്ത കഥ മനോഹരമായി ഈ പുസ്തകത്തില്‍നിന്ന് വായിച്ചെടുക്കാം. കല്യാണരാമന്‍റെ സംരംഭക യാത്രയിലെ വെല്ലുവിളികളേയും വിജയങ്ങളേയും മൂല്യങ്ങളേയും ആത്മകഥയില്‍ ഏറെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കുന്നു.

ദ ഗോള്‍ഡന്‍ ടച്ചിലൂടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സംരംഭകത്വത്തിലേയ്ക്കുള്ള യാത്രയുടെ കഥയാണിത്. ഈ ആത്മകഥ വായനക്കാര്‍ക്ക് പ്രചോദനകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പെന്‍ഗ്വിന്‍ ബിസിനസ് ഇംപ്രിന്‍റിനു കീഴില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം https://amzn.eu/d/dSVFAmN  എന്ന ലിങ്കില്‍നിന്നും വാങ്ങാം.

admin:
Related Post