ചാലക്കുടി: മലയാള സിനിമയിലെ വസ്ത്രാലങ്കാര രംഗത്തെ നിറസാന്നിധ്യമായിരുന്ന വേലായുധന്‍ കീഴില്ലം (66) അന്തരിച്ചു. ചാലക്കുടിയിലെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
പെരുമ്പാവൂരിനടുത്ത് കീഴില്ലത്തായിരുന്നു ജനനം. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
സിദ്ധിഖ്-മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. റാംജിറാവ് സ്പീക്കിംഗ് മുതല്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി. കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. പരേതയായ ശാന്തകുമാരിയാണ് ഭാര്യ. മക്കള്‍: വൈശാഖ്, അശ്വതി.